മുംബൈ: കൊവിഡ് വകഭേദമായ ഒമൈക്രോണ്‍ വ്യാപന ഭീതി നിലനില്‍ക്കെ, പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക്, റിവേഴ്സ് റിപ്പോ നിരക്ക് എന്നിവ യഥാക്രമം നാല് ശതമാനവും 3.35 ശതമാനവുമായി തുടരും. ഒമിക്രോൺ വകഭേദം വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കെയാണ് ഇത്തവണ മോണിറ്ററി സമതി യോഗം ചേർന്നത്.
കേന്ദ്ര ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയ്ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ. വാണിജ്യ ബാങ്കുകളുടെ പണത്തിന് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശ നിരക്കാണ് റിവേഴ്‌സ് റിപ്പോ. 2020 മെയ് 22നാണ് ഏറ്റവും ഒടുവില്‍ പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയത്. പിന്നീട് ഓരോ മൂന്ന് മാസത്തിലും യോഗം ചേര്‍ന്ന് വിപണി അവലോകനം ചെയ്യുകയും നിരക്കില്‍ മാറ്റം വേണ്ട എന്ന് തീരുമാനിക്കുകയുമാണ് ചെയ്തുവരുന്നത്.
അതേസമയം ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്ത ഫീച്ചർ ഫോണുകളിലേക്കും ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ കൊണ്ടുവരുമെന്ന് ആർബിഐ. ഡിസംബർ 8 ന് ആർബിഐ പുറത്തിറക്കിയ ‘വികസന, നിയന്ത്രണ നയങ്ങളെക്കുറിച്ചുള്ള പ്രസ്താവന’യിൽ ചെറിയ മൂല്യമുള്ള ഇടപാടുകൾക്കുള്ള പ്രക്രിയ ലഘൂകരിക്കാനും ഫീച്ചർ ഫോണുകൾ വഴിയുള്ള യുപിഐ പേയ്‌മെന്റ് ജനപ്രിയമാക്കാനുമുള്ള നിർദേശങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

