Tuesday, December 23, 2025

കോവിഡ് രോഗികളുടെ എണ്ണം കൃത്യം എത്രയാണ്? സർക്കാർ കണക്കും ലാബ് റിപ്പോർട്ടും തമ്മിൽ പൊരുത്തക്കേട്

തിരുവനന്തപുരം കോവിഡ് രോഗികളെക്കുറിച്ചുള്ള ലാബ് റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാരിന്റെ കണക്കുമായി പൊരുത്തപ്പെടുന്നില്ലെന്നു രേഖകള്‍. സംസ്ഥാനത്താകെ കണക്കുകള്‍ മാറ്റിമറിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണു തിരുവനന്തപുരം ജില്ലയിലെ 2 ദിവസത്തെ രേഖ പുറത്തായത്.

ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ എന്‍.ഖോബ്രഗഡെയ്ക്ക് 23 നും 24 നും ലഭിച്ച തിരുവനന്തപുരം ജില്ലയിലെ ലാബ് റിപ്പോര്‍ട്ടുകള്‍ അന്നേ ദിവസത്തെ സര്‍ക്കാര്‍ കണക്കില്‍ ഉള്‍പ്പെട്ടില്ല. ഇത് ഉള്‍പ്പെട്ടത് ദിവസങ്ങള്‍ കഴിഞ്ഞ്.

23 ന് 9 പേര്‍ക്കു കോവിഡ് പോസിറ്റീവ് ആണെന്നാണു മെഡിക്കല്‍ കോളജിലെ ലാബ് റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്ന് എത്തിയ കിളിമാനൂര്‍ മടവൂര്‍ സ്വദേശികളായ 4 പേര്‍ ഉള്‍പ്പെടെയാണിത്. എന്നാല്‍ 23 നു സംസ്ഥാനത്ത് 62 പേര്‍ക്കു കോവിഡ് ബാധിച്ചെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി നല്‍കിയ പട്ടികയില്‍ തിരുവനന്തപുരത്തു രോഗികളേയില്ല.

പരിശോധനയില്‍ 24 ന് 9 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. അന്നു സംസ്ഥാനത്ത് ആകെ 53 രോഗികള്‍; തിരുവനന്തപുരത്തു 12 രോഗികള്‍. 23 ലെ രോഗികളില്‍ നിന്നു 3 പേര്‍ ഈ പട്ടികയില്‍ ഇടംകണ്ടു. മടവൂര്‍ സ്വദേശികളില്‍ 3 പേരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സമയത്ത് ആരോഗ്യ വകുപ്പ് വെബ്‌സൈറ്റ് 4 പേരും രോഗബാധിതരാണെന്നു വെളിപ്പെടുത്തി. 23 ലെ ലാബ് റിപ്പോര്‍ട്ടിലുള്ള ബാക്കി 5 പേരുടെ കാര്യം അപ്പോഴും പുറത്തുവിട്ടില്ല.

കേരളത്തിലെ കോവിഡ് പ്രതിരോധത്തെ വിമര്‍ശിച്ച കേന്ദ്രമന്ത്രി വി.മുരളീധരന്‍, രോഗികളുടെ യഥാര്‍ഥ കണക്കു പുറത്തുവിടുന്നില്ലെന്ന് 27ന് ആരോപിച്ചിരുന്നു. 28 നു മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ 7 രോഗികള്‍ ഉണ്ടെന്നാണ് അറിയിച്ചത്. ഇതിലെ 4 പേര്‍ 23 ലെ പട്ടികയില്‍ ഉള്‍പ്പെടേണ്ടവരായിരുന്നു.

Related Articles

Latest Articles