Tuesday, December 16, 2025

ചൈനയ്ക്ക് മുന്നറിയിപ്പ്; ലഡാക്കില്‍ സംയുക്ത സേനാഭ്യാസം നടത്തി, കര- വ്യോമ സേനകള്‍

ദില്ലി: സംഘര്‍ഷം നിലനില്‍ക്കുന്ന ലഡാക്കില്‍ സംയുക്ത സേനാഭ്യാസം നടത്തി കര, വ്യോമ സേനകള്‍. സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളും അപാചി അറ്റാക് ഹെലികോപ്റ്റര്‍, ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റര്‍, ചരക്ക് വിമാനങ്ങള്‍ എന്നിവയാണ് സേനാഭ്യാസത്തില്‍ പങ്കെടുത്തത്. അതിര്‍ത്തി മേഖലകളില്‍ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നിരീക്ഷണപ്പറക്കല്‍ നടത്തി. ചൈനീസ് യുദ്ധവിമാനങ്ങളും അതിര്‍ത്തിയോടു ചേര്‍ന്ന് നിലയുറപ്പിച്ചിട്ടുണ്ട്.

കരസേനാംഗങ്ങളെയും ടാങ്ക് അടക്കമുള്ള സന്നാഹങ്ങളെയും വിമാനമാര്‍ഗം അതിര്‍ത്തി മേഖലകളില്‍ അതിവേഗം വിന്യസിക്കുന്നതിന്റെ പരിശീലനമാണ് നടത്തിയത്. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായുള്ളതാണ് സേനാഭ്യാസം. അതിനിടെ, കരസേനാ മേധാവി ജനറല്‍ എം എം നരവനെ ഡെല്‍ഹിയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ലഡാക്ക് സന്ദര്‍ശിച്ച നരവനെ, അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു.

അതേസമയം, കിഴക്കന്‍ ലഡാക്കില്‍ ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ്, പാംഗോങ് എന്നിവയ്ക്കു പുറമേ ഡെപ്‌സാങ്ങിനു സമീപവും ചൈനയുടെ പടയൊരുക്കം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷം തുടരുന്ന പാംഗോങ് മേഖലയില്‍ എട്ടു കിലോമീറ്റര്‍ അതിക്രമിച്ചു കയറിയ ചൈന, നാലാം മലനിരയില്‍ ടെന്റുകളടക്കം സ്ഥാപിച്ചിട്ടുണ്ട്.

ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ്, ഡെപ്‌സാങ് എന്നിവിടങ്ങളിലെ തര്‍ക്കം പരിഹരിച്ചശേഷം പാംഗോങ്ങിലെ കാര്യം പരിഗണിക്കാമെന്ന നിലപാടിലാണു ചൈന. സംഘര്‍ഷം ഏറ്റവും മൂര്‍ധന്യാവസ്ഥയിലുള്ളത് പാംഗോങ്ങിലാണ്. ലഡാക്ക് അതിര്‍ത്തിയില്‍ ഒരേസമയം പലയിടങ്ങളില്‍ പോര്‍മുഖം തുറക്കാനുള്ള നീക്കമാണു ചൈനയുടേതെന്ന് ഇന്ത്യന്‍ സേന വിലയിരുത്തുന്നു. സേനാ നീക്കത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യ ഇവിടെ സൈനികാഭ്യാസം നടത്തിയത്.

Related Articles

Latest Articles