തിരുവനന്തപുരം : തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായ തീരമേഖലകളില്‍ സമ്പൂർണ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു. ജൂലായ് 26വരെയാണ് സമ്പൂർണ ലോക്ക് ഡൗണ്‍. അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങള്‍ മൂന്ന് സോണുകളായി തിരിച്ചാണ് ലോക്ക് ഡൗണ്‍. പാൽ പച്ചക്കറി, പലചരക്ക് കടകള്‍, ഇറച്ചികടകള്‍ മുതലായവയ്ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലുവരെ പ്രവര്‍ത്തിക്കാം.
എന്നാൽ,തീരദേശത്ത് നിന്ന് പുറത്തിറങ്ങാനോ തീരപ്രദേശത്തേക്ക് പോകാനോ ആരെയും അനുവദിക്കില്ല. ദേശീയപാതയിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കുമെങ്കിലും ഈ പ്രദേശങ്ങളില്‍ വാഹനം നിര്‍ത്താന്‍ പാടില്ല. പരീക്ഷകള്‍ക്കും അനുമതിയില്ല. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, ഒരുകിലോ ധാന്യം എന്നിവ സിവില്‍ സപ്ലൈസിന്റെ നേതൃത്വത്തില്‍ നല്‍കും. പ്രദേശത്ത് ഓഫീസുകള്‍ക്ക് അനുമതിയില്ല.
കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ നാല് ജീവനക്കാരടക്കം 16 പേരുടെ ഫലം പോസിറ്റീവായിരുന്നു. വിഴിഞ്ഞം തീരദേശ സ്റ്റേഷനിലെ പട്രോളിംഗ് ബോട്ടിന്റെ ഡ്രൈവര്‍,ഹോംഗാര്‍ഡ്, പരിശീലനത്തിന്റെ ഭാഗമായെത്തിയ രണ്ട് കോസ്റ്റല്‍ വാര്ഡന്മാര് എന്നിവര്‍ക്കാണ് പോസിറ്റീവായത്. ഇതോടെ ഇവരുമായി സമ്പർക്കത്തിലായ എസ്.ഐ അടക്കമുള്ള ആറ് പേര് നിരീക്ഷണത്തിലായിരിക്കുകയാണ് .

