Friday, December 19, 2025

തൃശൂര്‍ പൂരം ചടങ്ങുകളില്‍ ഒതുങ്ങിയേക്കുമെന്ന് സൂചന

തൃശൂര്‍: കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ തൃശൂര്‍ പൂരം ചടങ്ങുകളിലേക്ക് ഒതുങ്ങിയേക്കും. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ അടുത്ത ദിവസങ്ങളില്‍ വിവിധ ദേവസ്വം ബോര്‍ഡുകള്‍ യോഗം ചേര്‍ന്നേക്കും. കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ പതിവുപോലെ പൂരം നടത്തുന്നത് പ്രായോഗികമല്ല. മെയ് രണ്ടിനാണ് തൃശൂര്‍ പൂരം.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും വിശദമായി ചര്‍ച്ച നടത്തിയതിന് ശേഷമാകും എങ്ങനെ തൃശൂര്‍ പൂരത്തെക്കുറിച്ച് അന്തിമതീരുമാനമുണ്ടാകൂ. പൂരം നടത്തിപ്പ് സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. സാധാരണ തൃശൂര്‍ പൂരത്തിന് പതിനായിരങ്ങളാണ് പങ്കെടുക്കുക. സാധാരണ നിലയില്‍ പൂരം നടത്തുന്നത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകും.

കൊറോണ വ്യാപനത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള വിവിധ ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് പ്രവേശനം നിര്‍ത്തി വച്ചിരിക്കുകയാണ്. ശബരിമലയിലെ അടക്കം വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളെല്ലാം ഇതിനോടകം ചടങ്ങുകള്‍ മാത്രമാക്കി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. കൊടുങ്ങല്ലൂര്‍ ഭരണിയും ചടങ്ങുകളിലൊതുക്കുകയായിരുന്നു.

Related Articles

Latest Articles