കോട്ടയം : കൊവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ലോക്ക് ഡൗണ്‍ നിബന്ധന ലംഘിച്ച് പായിപ്പാട് ജംഗഷനില്‍ ആയിരക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടർന്ന് നിരവധി പേരെ ചോദ്യം ചെയ്തു. ഞായറാഴ്ച രാവിലെ മുതല്‍ വിവിധ ക്യാമ്പുകളില്‍ സംഘടിച്ച മൂവായിരത്തിലേറെ വരുന്ന തൊഴിലാളികളാണ് പായിപ്പാട് ജംഗ്ഷനിലേക്കു പ്രകടനവുമായി എത്തിയത്. ആഹാര സാധനങ്ങളും വെള്ളവും എത്തിക്കുക, പശ്ചിമ ബംഗാളിലേക്കു പോകാന്‍ ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സംഘം ചേരലിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന് സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവി ജി.ജയ്ദേവിനെ ചുമതലപ്പെടുത്തിയതെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു .

