Wednesday, December 17, 2025

ബിജു പ്രഭാകർ കെ എസ് ആർ ടി സി യുടെ തലപ്പത്ത്

തിരുവനന്തപുരം: കെഎസ്ആര്‍ടി സി മാനേജിംഗ് ഡയറക്ടറായി സാമൂഹ്യ നീതി, വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്- നെ നിയമിച്ചു. നിലവിലെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ആയിരുന്ന എം.പി. ദിനേശ് സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് നിയമനം.

ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ആണ് ചെയര്‍മാന്‍. തിരുവനന്തപുരം ജില്ലാ കളക്ടറായിരിക്കെ ‘ഓപ്പറേഷന്‍ അനന്ത’ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കി ജനപ്രീതി നേടിയിരുന്നു.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടര്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍, കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍, ലോട്ടറി വകുപ്പ് ഡയറക്ടര്‍, ഭൂമി കേരളം പ്രൊജക്ട് ഡയറക്ടര്‍, ഐ.ടി.@സ്‌കൂള്‍ സ്ഥാപക ഡയറക്ടര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.

ടോമിന്‍ ജെ തച്ചങ്കരി കെഎസ്ആര്‍ടിസി എം.ഡി സ്ഥാനം ഒഴിഞ്ഞ സമയത്തും ബിജു പ്രഭാകറിന്റെ പേര് ആ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നു. കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകളും ബിജു പ്രഭാകറിന്റെ പേരിനോട് യോജിച്ചു

എന്നാണ് വിവരം. കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞ ഫയര്‍ ഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രന്റെ പേരും തൊഴിലാളി യൂണിയനുകള്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിരുന്നു. എം.രാജമാണിക്യമാണ് ബിജു പ്രഭാകറിന് മുന്നേ കെഎസ്ആര്‍ടിസി തലപ്പത്തുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍.

Related Articles

Latest Articles