Sunday, December 21, 2025

ബെവ് ക്യു നാളെ മുതൽ സജ്ജം.ഇനി കുടിയും ‘ഹൈടെക്’

തിരുവനന്തപുരം:  ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പ് നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാകും. ആപ്പ് ഉപയോഗിച്ച് ബുധനാഴ്ച മുതല്‍ തന്നെ മദ്യം ബുക്ക് ചെയ്യാം. ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് വ്യാഴാഴ്ച മുതല്‍ മദ്യം വാങ്ങാന്‍ സാധിക്കും. 

ഗൂഗിളിന്റെ അനുമതി ലഭിച്ചതിനാല്‍ ആപ്പ് ഇന്ന് ഉച്ചയോടെ പ്ലേസ്‌റ്റോറില്‍ അപ് ലോഡ് ചെയ്യും. സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവര്‍ എസ്.എം.സ് സംവിധാനം ഉപയോഗിച്ചാണ് ബുക്കിങ്ങ് നടത്തേണ്ടത്. ഇതിനായി സര്‍ക്കാര്‍ ടെലികോം കമ്പനികളുമായി ചര്‍ച്ച നടത്തുകയാണ്. ഇക്കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടായേക്കും.

എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം വാര്‍ത്താ സമ്മേളനം നടത്തി ഇക്കാര്യങ്ങള്‍ അറിയിക്കും. മദ്യ ഉപഭോക്താക്കാള്‍ ഏറെ നാളായി കാത്തിരിക്കുന്ന ആപ്പിന് ഇന്ന് രാവിലെയോട് കൂടിയാണ് അനുമതി നല്‍കിയതായി ഗൂഗിള്‍ അറിയിച്ചത്. 

ഉപയോഗിക്കുന്ന ആളുടെ പിന്‍കോഡ് അനുസരിച്ചായിരിക്കും ആപ്പിലെ പ്രവര്‍ത്തനങ്ങള്‍. ഇതിലൂടെ ലഭിക്കുന്ന ഇ-ടിക്കറ്റില്‍ ഏത് മദ്യഷാപ്പില്‍ എപ്പോള്‍ വരണമെന്ന് അറിയിക്കും. അതനുസരിച്ച് ഉപഭോക്താക്കള്‍ എത്തിയാല്‍ മദ്യം വാങ്ങാം. ഇ-ടിക്കറ്റിലെ ക്യൂ ആര്‍ കോഡ് മദ്യശാലകളില്‍ സ്‌കാന്‍ ചെയ്ത് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. ഒരാള്‍ക്ക് പരമാവധി മൂന്ന് ലിറ്റര്‍ മദ്യമേ ലഭിക്കൂ. നാല് ദിവസത്തിനുള്ളില്‍ ഒരു തവണ മാത്രമേ മദ്യം നല്‍കൂ. തുടങ്ങിയ നിബന്ധനകളുമുണ്ട്. പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും വിപണനം.

Related Articles

Latest Articles