Wednesday, December 24, 2025

ഭാരതീയ ജനതാ പാർട്ടി, നാല്പതിൻ്റെ നിറവിൽ

ഏകാത്മ മാനവദര്‍ശനം ആദര്‍ശമാക്കി ഭാരതീയ ജനതാ പാര്‍ട്ടി പിറവിയെടുത്തിട്ട് ഇന്ന്നാല്പ്പതുവര്‍ഷം . 1980 ഏപ്രില്‍ ആറിനാണ് ജനതാപാര്‍ട്ടിയില്‍ നിന്ന് ദ്വയാംഗത്വ പ്രശ്‌നത്തെ തുടര്‍ന്ന് പിരിഞ്ഞു പോയവര്‍ ബിജെപി രൂപീകരിക്കുന്നത്

ഭാരതീയ ജനതാപാര്‍ട്ടിയുടെ ആദര്‍ശത്തിന്റെ തുടക്കം പക്ഷേ 1980 ല്‍ ആയിരുന്നില്ല . 1925 ല്‍ ഡോ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ ആരംഭിച്ച രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ആശയവും ആദര്‍ശവും കൈമുതലാക്കി 1951 ല്‍ ആരംഭിച്ച ജനസംഘമാണ് ബിജെപിയുടെ പൂര്‍വസംഘടന .

അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ പ്രതികരിക്കാന്‍ ജനസംഘവും മറ്റ് സോഷ്യലിസ്റ്റ് സംഘടനകളും ചേര്‍ന്ന് 1977 ല്‍ ജനതാപാര്‍ട്ടിയുണ്ടായി . എന്നാല്‍ 1979 ല്‍ ആര്‍എസ്എസ് അംഗത്വമുള്ളവര്‍ ജനതാപാര്‍ട്ടിയില്‍ തുടരുന്നതിനെതിരെ പാര്‍ട്ടിയിലെ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തി . തുടര്‍ന്നാണ് മുന്‍ ജനസംഘക്കാര്‍ 1980 ഏപ്രില്‍ ആറിന് അടല്‍ ബിഹാരി വാജ്‌പേയിയുടെ അദ്ധ്യക്ഷതയില്‍ ഭാരതീയ ജനതാ പാര്‍ട്ടി രൂപീകരിച്ചത്

ഏകാത്മമാനവദര്‍ശനം ഭാരതത്തിന്റെ രാഷ്ട്രീയമായി മാറിത്തുടങ്ങിയത് അതിനു ശേഷമാണ് . 1984 ല്‍ രണ്ട് സീറ്റിലൊതുങ്ങിയെങ്കിലും വോട്ടിംഗ് ശതമാനത്തില്‍ പാര്‍ട്ടി രണ്ടാമതെത്തി . 1989 ല്‍ 85 സീറ്റു നേടിയ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക പങ്കു വഹിച്ചു . അയോദ്ധ്യ പ്രക്ഷോഭത്തെ തുടര്‍ന്ന് ഉണ്ടായ അഭിപ്രായ വ്യത്യാസം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചു

തുടര്‍ന്ന് രാജ്യമെങ്ങും ബിജെപി തരംഗം ആഞ്ഞടിച്ചു. 1991 ല്‍ രാജീവ് ഗാന്ധിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തെയും അതിജീവിച്ച് ബിജെപി 120 സീറ്റുകള്‍ നേടി .

1996 ബിജെപിയുടെ വര്‍ഷമായി മാറി. 161 സീറ്റുകളാണ് 96 ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ലഭിച്ചത് . ഏറ്റവും വലിയ ഒറ്റക്കക്ഷി ആയതിനെത്തുടര്‍ന്ന് വാജ്‌പേയിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാഞ്ഞതിനാല്‍ 13 ദിവസം കൊണ്ട് സര്‍ക്കാരിന് രാജിവയ്‌ക്കേണ്ടി വന്നു . തുടര്‍ന്ന് വന്ന പരീക്ഷണ സര്‍ക്കാരുകള്‍ അല്പായുസ്സായതോടെ 1998 ല്‍ പുതിയ തിരഞ്ഞെടുപ്പ് നടന്നു. 182 സീറ്റുകളോടെ ബിജെപി തന്നെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി .

അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായി രൂപം കൊണ്ട സര്‍ക്കാര്‍ 13 മാസം ഭരിച്ചു.13 മാസത്തെ ഭരണം എന്‍ഡിഎ സഖ്യത്തെ വീണ്ടും അധികാരത്തിലേറ്റി.

അടല്‍ ബിഹാരി വാജ്‌പേയിയും ലാല്‍ കൃഷ്ണ അദ്വാനിയും ദേശീയ ചിന്താധാരയില്‍ ഉറച്ചു നിന്ന ഒരുകൂട്ടം ത്യാഗധനരായ നേതാക്കളും ചേര്‍ന്നതോടെ എന്‍ഡിഎ സര്‍ക്കാര്‍ ഭാരതത്തിന്റെ ചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ കോണ്‍ഗ്രസിതര സര്‍ക്കാരായി മാറി.

2004 ലും 2009 ലും പരാജയത്തെ അഭിമുഖീകരിച്ചെങ്കിലും നരേന്ദ്രമോദിയെന്ന പ്രതിഭാധനനിലൂടെ 2014 ല്‍ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലേറി . 282 സീറ്റുകള്‍ ഒറ്റയ്ക്ക് നേടിയ പാര്‍ട്ടി, ദേശീയതയുടെ കാലം കഴിഞ്ഞെന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടിയാണ് നല്‍കിയത്.

2014ല്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ നരേന്ദ്രമോദി വീണ്ടും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോള്‍ പരിവര്‍ത്തനത്തിന്റെ തുടക്കമായി. മുത്തലാഖ് നിര്‍ത്തി, ജമ്മുകശ്മീരിനുള്ള 370-ാം വകുപ്പ് റദ്ദാക്കി. അയോധ്യയില്‍ രാമക്ഷേത്രമെന്ന ആഗ്രഹവും സഫലമാകുന്നു.

ചരിത്രത്തിനും ഐതിഹ്യത്തിനും എത്തി നോക്കാനാകാത്ത വണ്ണം ഇരുളടഞ്ഞ ഒരു ഭൂതകാലമാണ് ഭാരതത്തിനുണ്ടായിരുന്നത് . അതില്‍ നിന്ന് വൈഭവ പൂര്‍ണമായ ഭാവിഭാരതം കെട്ടിപ്പടുക്കാന്‍ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചത് ബിജെപിയിലാണെന്നത് ആ പാര്‍ട്ടിയുടെ പ്രാധാന്യം എടുത്തുകാണിക്കുന്നുണ്ട് .

Related Articles

Latest Articles