Sunday, December 21, 2025

മുംബൈയ്ക്ക് തുണയായി കേരളം ; ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സംഘം മുംബൈയിലേക്ക്…

തിരുവനന്തപുരം : മഹാരാഷ്ട്രയുടെ അഭ്യര്‍ഥന പ്രകാരം കോവിഡിനെ പ്രതിരോധിക്കാന്‍ കേരളത്തില്‍ നിന്നുള്ള ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സംഘം ഉടന്‍ മുംബൈയിലെത്തും. തിങ്കളാഴച മുതല്‍ പല സംഘങ്ങളായാണ് ആരോഗ്യപ്രവര്‍ത്തകര്‍ മുംബൈയിലേക്ക് തിരിക്കുക. രോഗവ്യാപനം കൂടിയ മുംബൈയിലേക്ക് 100 നഴ്‌സുമാരെയും 50 സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെയും ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കേരളത്തിന് കത്തെഴുതിയത്.

അതേസമയം, കേരളത്തില്‍ രോഗം വ്യാപന തോത് കൂടിയതിനാല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും യാത്ര അനുവദിച്ചിട്ടില്ല. സ്വകാര്യമേഖലയില്‍ നിന്ന് സന്നദ്ധത അറിയിച്ച 50ലേറെ ഡോക്ടര്‍മാരും നഴ്‌സുമാരും ഇതിനോടകം മുന്നോട്ട് വന്നു. ആരോഗ്യമേഖലയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയാണ് ഇവരെ ഏകോപിപ്പിച്ച് ദൗത്യം ഏറ്റെടുക്കുന്നത്. യാത്രയ്ക്ക് മുന്നോടിയായി മുംബൈയിലെ സ്ഥിതി വിലയിരുത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് സന്തോഷ് കുമാറും സഹപ്രവര്‍ത്തകന്‍ ഡോക്ടര്‍ സജീഷ് ഗോപാലനും ഇന്നലെ മുംബൈയിലെത്തി. മുംബൈ മഹാലാക്ഷ്മിയില്‍ 600 കിടക്കകളുള്ള ആശുപത്രി സജ്ജീകരിക്കാനാണ് മാഹാരാഷ്ട്ര സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നതെങ്കിലും നിലവില്‍ കൊവിഡ് ആശുപത്രിയായ സെവന്‍ ഹില്ലിലാണ് കേരളത്തില്‍ നിന്നുള്ളവര്‍ ആദ്യഘട്ടത്തില്‍ ജോലി ചെയ്യുക.

Related Articles

Latest Articles