ഒന്നാം നരേന്ദ്രമോദി സർക്കാരിന്റെ നോട്ട് നിരോധന നടപടി ശരിവച്ച് സുപ്രീംകോടതി. അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് ബിആർ ഗവായ് നോട്ട് നിരോധനത്തെ ശരിവെച്ചു. എന്നാൽ ജസ്റ്റിസ് ബിവി നാഗരത്നം വിയോജിച്ചു. മറ്റ് ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബിവി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നോട്ട് നിരോധനത്തിൽ കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബിആർ ഗവായ് വ്യക്തമാക്കി. അതിനാൽ നടപടി റദ്ദാക്കാനാവില്ല. നിരോധനത്തിൽ ഏതെങ്കിലും ഒരു ശ്രേണി എന്നതിന് നിയന്ത്രിത അർത്ഥം നൽകാനാവില്ല. രേഖകൾ വ്യക്തമാക്കുന്നത് മതിയായ കൂടിയാലോചനകൾ നടത്തിയെന്നാണ്. ആവശ്യമെങ്കിൽ റെഗുലേറ്ററി ബോർഡുമായി കൂടിയാലോചിച്ച ശേഷം സർക്കാരിന് തീരുമാനമെടുക്കാം. കേന്ദ്ര സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചു എന്നത് കൊണ്ടു മാത്രം നടപടി തെറ്റിദ്ധരിക്കാനാവില്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.
വളരെ സൂക്ഷ്മതയോടെ ആലോചിച്ചെടുത്ത തീരുമാനമാണ് നോട്ട് നിരോധനമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അവകാശപ്പെട്ടത്. വ്യാജ കറന്‍സികള്‍, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം , നികുതിവെട്ടിപ്പ്, കള്ളപ്പണം എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടത്തിനുള്ള വലിയ നയതന്ത്രത്തിന്റെ ഭാഗമായിട്ടുള്ള നടപടിയാണ് നോട്ട് നിരോധനമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോടതിക്ക് ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടുന്നതിന് പരിമിതികളുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

