രാജസ്ഥാനിലെ ക്ഷേത്രത്തിൽ നിന്ന് ബ്രിട്ടനിലേക്ക് കടത്തിക്കൊണ്ടുപോയ ഒൻപതാം നൂറ്റാണ്ടിലെ നടരാജ വിഗ്രഹം ഇന്ത്യയിലേക്കെത്തി . ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ് ബ്രിട്ടനിൽ നിന്ന് നടരാജ വിഗ്രഹം തിരികെ കൊണ്ടുവന്നത് . പ്രതിഹാര ഭാവത്തിലുള്ള നാലടി ഉയരമുള്ള നടരാജ വിഗ്രഹമാണിത്. 1998 ഫെബ്രുവരിയിലാണ് രാജസ്ഥാനിലെ ബരോലി ഘട്ടേശ്വർ ക്ഷേത്രത്തിൽ നിന്ന് പ്രതിമ കാണാതായത്. 2003-ൽ ഇത് യുകെ യിലേക്കാണ് കടത്തിയതെന്ന് വ്യക്തമായി.
യു കെയിലെ വിഗ്രഹങ്ങളും മറ്റും ശേഖരിക്കുന്നതിൽ താത്പര്യമുള്ള ഒരാളുടെ കയ്യിലാണ് ഇത് എത്തപ്പെട്ടത്. ബ്രിട്ടീഷ് സർക്കാരിന്റെ ഇപടലിനെ തുടർന്ന് 2005-ൽ ഇദ്ദേഹം സ്വമേധയ വിഗ്രഹം ഇന്ത്യൻ ഹൈക്കമ്മീഷനെ ഏൽപ്പിച്ചു.
2017-ൽ ആർക്കിയോളജിക്കൽ വകുപ്പ് അധികൃതർ ലണ്ടനിലെത്തുകയും ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിൽ സൂക്ഷിച്ചിരുന്ന വിഗ്രഹം പരിശോധിക്കുകയും ചെയ്തു. നടപടി ക്രമങ്ങൾ പൂർത്തിയായതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ഇത് രാജ്യത്തെത്തി .
ഇതിന് മുൻപും ബ്രിട്ടനിലേക്ക് കടത്തിയ വിഗ്രഹങ്ങൾ ഇന്ത്യ തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്. 2017-ൽ ബ്രഹ്മ-ബ്രഹ്മണി ശില്പം ബ്രിട്ടനിൽ നിന്ന് തിരിച്ചുവന്നിരുന്നു .

