Saturday, December 20, 2025

രാജമല പെട്ടിമുടിയിലെ തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക് ; 100 ന് മുകളിൽ ആളുകൾ ലയത്തിൽ ഉണ്ടായിരുന്നുവെന്ന് അനൗദ്യോഗിക കണക്കുകൾ

ഇടുക്കി : രാജമല പെട്ടിമുടിയിൽ തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക്. മഴ നിന്നാൽ രക്ഷാപ്രവർത്തനം വേഗത്തിൽ നടക്കുമെന്നാണ് അധീകൃതരുടെ പ്രതീക്ഷ. ഇന്നലെ വൈകുന്നേരത്തോടെ കൂടുതൽ യന്ത്ര സാമഗ്രികൾ തിരച്ചിലിനായി സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇതുവരെ മൊത്തം 26 മൃതദേഹങ്ങൾ പ്രദേശത്ത് നിന്നും കണ്ടെത്തിക്കഴിഞ്ഞു.എന്നാൽ, അതീവദുഷ്കരമാണ് പെട്ടിമുടിയിലെ തെരച്ചിൽ ഇപ്പോഴും, മണ്ണിനടിയിൽ നിന്ന് എത്ര പേരെ പുറത്തെടുക്കാനാകുമെന്ന് പോലും സംശയമാണ്.

81 പേർ പെട്ടിമുടി ലയത്തിലുണ്ടായിരുന്നുവെന്നാണ് ടാറ്റാ കമ്പനിയുടെ കണക്കിൽ പറയുന്നത്. 58 പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ ലയങ്ങളിൽ താമസിച്ച കുടുംബക്കാരുടെ ബന്ധുക്കളും വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. ഒപ്പം കോവിഡ് കാരണം 19 സ്ക്കൂൾ വിദ്യാർത്ഥികളടക്കം ലയത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ 100നു മുകളിൽ ആളുകൾ ലയത്തിൽ ഉണ്ടായിരുന്നുവെന്ന് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല എന്നിവർ ഇന്ന് ദുരന്ത സ്ഥലം സന്ദർശിക്കും. ചെന്നിത്തല രാവിലെ 9 മണിക്കും, വി മുരളീധരൻ ഉച്ചയ്ക്ക് 12 മണിക്കും ആകും എത്തിച്ചേരുക. രക്ഷാദൗത്യത്തിൽ തിരുവനന്തപുരത്ത് നിന്നുള്ള അഗ്നിശമനസേനയുടെ അമ്പതംഗ സംഘവും ഇന്ന് പങ്കുചേരും.

Related Articles

Latest Articles