ദില്ലി:ലഡാക്കിലെ ഗല്‍വാന്‍ താഴ് വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍സൈനികര്‍ വീരമൃത്യു വരിച്ചതില്‍ പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സൈനികരുടെ ധീരതയും ത്യാഗവും രാഷ്ട്രം ഒരിക്കലും മറക്കില്ലെന്നും അവരുടെ നഷ്ടം വേദനാജനകമാണെന്നും രാജ്‌നാഥ് പറഞ്ഞു. ട്വിറ്റിറിലൂടെയായിരുന്നു രാജ്‌നാഥിന്റെ പ്രതികരണം.
‘ഗല്‍വാനിലെ സൈനികരുടെ നഷ്ടം അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതും വേദനാജനകവുമാണ്. നമ്മുടെ സൈനികര്‍ മാതൃകാപരമായ ധൈര്യവും വീര്യവും അവരുടെ കര്‍മത്തില്‍ പ്രകടിപ്പിക്കുകയും ഇന്ത്യന്‍ സൈന്യത്തിന്റെ ഉയര്‍ന്ന പാരമ്പര്യമനുസരിച്ച് ജീവന്‍ ത്യജിക്കുകയും ചെയ്തു.
രാജ്യം അവരുടെ ധീരതയും ത്യാഗവും ഒരിക്കലും മറക്കില്ല. വീണുപോയ സൈനികരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഈ പ്രയാസകരമായ ഘട്ടത്തില്‍ രാജ്യം അവരോടൊപ്പം തോളോട് തോള്‍ചേര്‍ന്ന് നില്‍ക്കുന്നു. സൈനികരുടെ ധീരതയില്‍ രാജ്യം അഭിമാനം കൊള്ളുന്നു’ രാജ്‌നാഥ് ട്വീറ്റ് ചെയ്തു.

