Friday, December 19, 2025

ലഡാക്കിലെ സംഘർഷം; സർവ്വകക്ഷിയോഗം വെള്ളിയാഴ്ച

ദില്ലി: ഇന്ത്യ-ചൈന അതിർത്തി തർക്കവും ലഡാക്കിലുണ്ടായ സംഘർഷത്തിൻ്റേയും പശ്ചാത്തലത്തിൽ പ്രധാനമന്ത്രി സർവ്വകക്ഷിയോഗം വിളിച്ചു. ജൂൺ 19 വെള്ളിയാഴ്ച വൈകിട്ട്  അഞ്ച് മണിക്കാണ് യോ​ഗം. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ വീഡിയോ കോൺഫറൻസ് വഴിയാവും യോ​ഗം ചേരുക. എല്ലാ പാ‍ർട്ടികളുടേയും ദേശീയ അധ്യക്ഷൻമാരെ യോ​ഗത്തിനായി ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. 

തിങ്കളാഴ്ച നടന്ന ലഡാക്ക് സംഘ‍ർഷത്തെക്കുറിച്ച കേന്ദ്രസർക്കാർ കാര്യമായ ഔദ്യോ​ഗിക വിശദീകരണമൊന്നും നൽകിയിട്ടില്ല. സർക്കാ‍ർ വൃത്തങ്ങളെ ഉദ്ധരിച്ച് വാ‍ർത്താ ഏജൻസിയാണ് പല വിവരങ്ങളും പുറത്തു വിട്ടത്. സംഘ‍ർഷമുണ്ടായെന്നും ചൈന അതി‍ർത്തി ലം​ഘച്ചെന്നും കരസേന ഔദ്യോ​ഗികമായി അറിയിച്ചിരുന്നു. വീരമൃത്യു മരിച്ച ജവാൻമാ‍ർക്ക് ആദരാ‍ഞ്ജലി അ‍ർപ്പിച്ചു കൊണ്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് രാവിലെ ട്വീറ്റ് ചെയ്തിരുന്നു. 

അതേസമയം ലഡാക്കിലെ സംഘർഷത്തിൽ പരിക്കേറ്റ നാല് ഇന്ത്യൻ സൈനികരുടെ നില ഗുരുതരമായി തുടരുകയാണ്. സംഘർഷത്തിൽ ചൈനീസ് കമാൻഡിംഗ് ഓഫീസറും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. സംഘർഷത്തെ തുടർന്ന് ചൈനയുമായി അതിർത്തി പങ്കിടുന്ന മുഴുവൻ ജില്ലകളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. 

ലഡാക്കിൽ കടന്നുകയറിയ ചൈനീസ് സേനയെ പ്രതിരോധിക്കവെ കമാൻഡിംഗ് ഓഫീസറായ കേണൽ സന്തോഷ് ബാബു ഉൾപ്പടെ 20 ധീരസൈനികരാണ് വീരമൃത്യു വരിച്ചത്. എത്ര സൈനികർക്ക് പരിക്കേറ്റു എന്ന് കരസേന വ്യക്തമാക്കിയിട്ടില്ല. 30 പേർക്ക് പരിക്കേറ്റു എന്നാണ് പുറത്തുവരുന്ന അനൗദ്യോഗിക വിവരം.  നാല് പേരുടെ പരിക്ക് ഗുരുതരമെന്നാണ് സേനാവൃത്തങ്ങൾ വാർത്താ ഏജൻസിയെ അറിയിച്ചത്. സംഘർഷത്തിൽ നാൽപ്പത്തിതിലധികം ചൈനീസ് സൈനികർ മരിക്കുകയോ ഗുരുതരമായി പരിക്കേല്ക്കുകയോ ചെയ്തിട്ടുണ്ടാവാം എന്നാണ് കസേനയുടെ അനുമാനം. 

ചൈനീസ് യൂണിറ്റിൻറെ കമാൻഡിംഗ് ഓഫീസറും സംഘർഷത്തിൽ കൊല്ലപ്പെട്ടു എന്നും ഉന്നത വ്യത്തങ്ങൾ പറയുന്നു.  സൈനികർ മരിച്ചതായുള്ള റിപ്പോർട്ട് ചൈന തള്ളിയിട്ടില്ല. എന്നാൽ എത്ര പേർ മരിച്ചു എന്ന കാര്യത്തിൽ  ചൈനീസ് സർക്കാരും ചൈനീസ് മാധ്യമങ്ങളും മൗനം തുടരുകയാണ്. 

Related Articles

Latest Articles