തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലകളെ കോവിഡ് രോഗ നിയന്ത്രണത്തിനു നാല് സോണുകളായി തിരിച്ച് സർക്കാർ ഉത്തരവിറക്കി. റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീൻ എന്നിങ്ങനെ നാല് സോണുകളാണ് കേരളത്തിലുള്ളത്.ഓരോ സോണിലും ലോക്ക്ഡൗൺ കഴിയുന്ന മുറയ്ക്ക് ഇളവുകൾ നിലവിൽ വരും.
റെഡ് സോണിൽ ഉൾപ്പെട്ട കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾക്ക് മെയ് മൂന്ന് വരെ പൂർണ ലോക്ക്ഡൗണായിരിക്കും. തൊട്ട് താഴെ ഓറഞ്ച് എ സോണിലുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകൾക്ക് ഏപ്രിൽ 24 വരെ ലോക്ക് ഡൗണും അതിനുശേഷം ഭാഗീക ഇളവും ലഭിക്കും. ഓറഞ്ച് ബി സോണിൽ ഉൾപ്പെട്ട ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം, വയനാട് ജില്ലകൾക്കും, ഗ്രീൻ സോണിലെ കോട്ടയം, ഇടുക്കി ജില്ലകൾക്കും ഏപ്രിൽ 20 വരെ ലോക്ക് ഡൗണും അതിനുശേഷം ഭാഗീക ഇളവും ലഭിക്കും. എന്നാൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങൾ ഇനിയും തുടരും.

