തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു . നയതന്ത്ര ചാനൽ വഴി കഴിഞ്ഞ മാസം കടത്തിയത് 27 കിലോ സ്വർണ്ണം. ജൂണ്‍ 23 ,26 തീയതികളില്‍ നയതന്ത്ര ബാഗ് എത്തിയത് യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് . ഇത് കൈപ്പറ്റിയത് സരിത്താണ്. ദുബായില്‍ നിന്ന് സ്വര്‍ണം അയച്ചത് ഫെെസല്‍ ഫരീദ് ആണെന്നാണ് വിവരം. മലപ്പുറം സ്വദേശിയായ പികെ റമീസിന് വേണ്ടിയാണ് സ്വർണ്ണം എത്തിച്ചതെന്നാണ് കണ്ടെത്തൽ . ആദ്യം എത്തിച്ചത് ഒമ്ബത് കിലോ സ്വര്‍ണം. ജൂണ്‍ 26ന് എത്തിച്ചത് 18 കിലോ സ്വര്‍ണമാണ്.
അതേസമയം നയതന്ത്ര ചാനലിലൂടെ സ്വപ്‌ന സുരേഷും സംഘവും കടത്തുന്ന സ്വര്‍ണം ഉപയോഗിച്ചിരുന്നത് ഭീകരവാദ പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്കെന്ന് എന്‍.ഐ.എ കണ്ടെത്തി. പിടിക്കപ്പെടുന്നതിനു തൊട്ടു മുൻപ് രണ്ടു തവണയായി ഇതേ മാര്‍ഗത്തിലൂടെ സംഘം ഒളിപ്പിച്ചുകടത്തിയ 27 കിലോ സ്വര്‍ണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചതായാണ് കണ്ടെത്തല്‍.
അതിനിടെ കേസിൽ എൻഐഎ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. കേസിലെ മൂന്നാം പ്രതിയും ദുബായിലെ വ്യവസായിയുമായ ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിക്കണമെന്ന എൻഐഎ അപേക്ഷയിൽ കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് വിധി പറയും.വാറൻറ് പുറപ്പെടുവിച്ചാൽ ഇൻറർപോളുമായി ബന്ധപ്പെട്ട് പ്രതിയെ ഇന്ത്യയിലെത്തിക്കാനാണ് നീക്കം.

