തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് തിരിച്ചടി. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ നോക്കി വമ്പൻ സ്രാവുകളെ പിടികൂടാനുള്ള നീക്കത്തിനാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കാമെന്നായിരുന്നു കസ്റ്റംസിന്‍റെ കണക്ക് കൂട്ടൽ.
ഇതിനായി ജനുവരി മുതലുള്ള ദൃശ്യങ്ങൾ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കസ്റ്റംസ് അന്വേഷണ സംഘം ആവശ്യപ്പെട്ട വിമാനത്താവള പരിസരത്ത് പൊലീസിന് ക്യാമറയില്ല. ആവശ്യമുള്ള സ്ഥലത്ത് നിന്ന് അര കിലോമീറ്റർ അകലെ മുതലാണ് ക്യാമറയുള്ളത്. ഇപ്പോൾ തങ്ങളുടെ കൈവശമുള്ള ദൃശ്യങ്ങൾ നൽകാമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത് .
അതേസമയം പേട്ട, ചാക്ക ഭാഗത്തെ ദൃശ്യങ്ങളും പരിശോധിക്കുന്നതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട് എയർ കാർഗോ അസോസിയേഷൻ ഇന്ത്യ നേതാവ് ഹരിരാജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത് .
അതിനിടെ, കേസിലെ മുഖ്യകണ്ണി സന്ദീപ് നായരാണെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. കസ്റ്റംസ് പരിശോധിക്കാന്‍ സാധ്യതയില്ലാത്ത തരത്തില്‍ സ്വര്‍ണം കടത്താനുള്ള പദ്ധതി സന്ദീപിന്‍റേതായിരുന്നുവെന്നാണ് കണ്ടെത്തല്‍. സരിത് മൂന്നാംകണ്ണി മാത്രമാണെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.
അതേസമയം, ഒളിവിൽ കഴിയുന്ന സ്വപ്‍ന സുരേഷിൻറെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കളളക്കടത്തിടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

