Friday, December 12, 2025

സ്വർണ്ണക്കടത്തിൽ എൻ ഐ എ അന്വേഷണം ഇന്ന് ആരംഭിക്കും. തീവ്രവാദ കള്ളപ്പണ ഇടപാടുകളും പരിശോധിക്കും

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ എൻഐ എ അന്വേഷണം ഇന്ന് ആരംഭിക്കും . പുതിയ കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം ആരംഭിക്കുക . കേസിൽ വമ്പന്മാർക്കും പങ്കുടെന്ന കസ്റ്റംസ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അന്വേഷണം എൻ ഐ എയ്ക്ക് വിട്ടതെന്നാണ് റിപ്പോർട്ടുകൾ . എഫ്‌ഐആർ ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. ഒളിവിൽപോയ പ്രധാനപ്രതി സ്വപ്‍ന സുരേഷ് അടക്കമുള്ളവരെ പിടികൂടാനും എൻഐഎ കസ്റ്റംസിന് സഹായം നൽകും. സ്വർണക്കടത്തിന്റെ ഒരു സമഗ്ര അന്വേഷണമാണ് എൻ ഐ എ നടത്താൻ ഉദ്ദേശിക്കുന്നത് . ഗൂഢാലോചനയിൽ പങ്കുണ്ടെന്നോ പ്രതികൾക്ക് സഹായം ചെയ്തെന്നോ സംശയിക്കുന്ന എല്ലാവരെയും ചോദ്യം എൻ ഐ എ ചോദ്യം ചെയ്യും . ഇതിന് പുറമേ 2019 ലെ നിയമഭേദഗതി പ്രകാരം വിദേശ അന്വേഷണത്തിനും എൻ ഐ എ യ്ക്ക് അനുമതി ഉണ്ട് .

വിപുലമായ ഗൂഡാലോചനയുടെ വിവിധ വശങ്ങൾ ആകും എൻഐഎ അന്വേഷിക്കുക. ആരും ഒരിക്കലും പരിശോധിക്കില്ലെന്ന് ഉറപ്പുള്ള നയതന്ത്രമാർഗം വഴി ഈ സ്വർണമെല്ലാം കടത്താൻ ഇടപാട് ഉറപ്പിച്ച സ്വാധീനകേന്ദ്രം, ഇതിനായി കോടികൾ ചെലവിടുന്ന ശ്രോതസ്, ഒടുവിൽ ലാഭം ഒഴുകുന്ന വഴികൾ, ഇതെല്ലാം കണ്ടെത്തും . രാജ്യാന്തര ബന്ധമുള്ള ഇടപാടിന്റെ ഗുണഭോക്താക്കളായി തീവ്രവാദ സംഘങ്ങളുണ്ടോ, കള്ളപ്പണ ഇടപാടുകാരുണ്ടോ, ഇവയും പുതിയ അന്വേഷണത്തിന്റെ പരിധിയിൽ ഉണ്ടാകും.

അതേസമയം, കസ്റ്റംസ് ഇതുവരെ അന്വേഷിച്ച കേസ് അതേപടി തുടരും. കേസിലെ അന്വേഷണം കസ്റ്റംസ് സമാന്തരമായി പൂർത്തിയാക്കും. ആസൂത്രിതമായി നടന്ന കള്ളക്കടത്ത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്നാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയത് .

Related Articles

Latest Articles