തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്തു. ക്രൈബ്രാഞ്ച് ആസ്ഥാനത്ത കേസ് ഉടൻ തന്നെ പ്രത്യേക സംഘത്തിന് കൈമാറും. ഉണ്ണികൃഷ്ണൺ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പടെ കേസിൽ പത്ത് പേര്‍ പ്രതികളാണ്. കവർച്ച, വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി കൂടിയായ എച്ച് വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെയും മേധാവി.
അതേസമയം ദേവസ്വം വിജലിൻസിൻ്റെ അന്തിമ റിപ്പോർട്ടിൽ ശബരിമലയിൽ നിന്ന് കാണാതായത് 989 ഗ്രാം സ്വർണ്ണം അഥവാ 124 പവൻ ആണ്. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്ക് ഭണ്ഡാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. എന്നാൽ, 98ൽ വിജയ് മല്യ നൽകിയതിൽ ദ്വാരപാലക ശില്പങ്ങൾ പൊതിയാൻ ഉപയോഗിച്ചത് ഒന്നര കിലോ സ്വർണ്ണമാണ്. 2019ൽ ചെന്നെയിൽ ഉരുക്കിയപ്പോൾ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് കിട്ടിയതായി സ്മാർട്ട് ക്രിയേഷൻസ് പറയുന്നത് 577 ഗ്രാം മാത്രം. ബാക്കി ഒരു കിലോയോളം സ്വർണ്ണം എവിടെ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
7 പാളികൾ ഉരുക്കി വേർതിരിച്ചപ്പോൾ 409 ഗ്രാം സ്വർണ്ണം കിട്ടിയെന്നാണ് സ്മാർട്ട് ക്രിയേഷൻസ് വാദം. 98ൽ പാളികൾ പൊതിയാൻ എത്ര സ്വർണ്ണം ഉപയോഗിച്ചു എന്നതിന് കൃത്യമായ രേഖകളില്ല.ഇത് രണ്ടും ചേർക്കുമ്പോൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം ഒന്നര കിലോയലധികം സ്വർണ്ണം വേണം. പക്ഷെ അന്തിമ റിപ്പോർട്ടിൽ പറയുന്നത് അര കിലോയിൽ താഴെ സ്വർണ്ണം മാത്രമെന്നാണ്.

