ദില്ലി സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ 10 പേർ കസ്റ്റഡിയില്‍. കസ്റ്റഡിയിലെടുത്തവരില്‍ സർക്കാർ ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പുൽവാമ, കുൽഗാം, അനന്തനാഗ് ജില്ലകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സ്ഫോടനത്തിനുപയോഗിച്ച വാഹനം വാങ്ങാൻ കൊല്ലപ്പെട്ട ഉമര്‍ ഉന്‍ നബിയെ സഹായിച്ചത് നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്ത ആമിര്‍ റാഷിദാണ്. പുല്‍വാമയിലെ ജമ്മു കശ്മീര്‍ വൈദ്യുതി വികസന വകുപ്പില്‍ ജോലിചെയ്തിരുന്നയാളാണ് ആമിര്‍.
10,000 രൂപ കമ്മീഷന്‍ നല്‍കിയ ശേഷം ഒക്ടോബര്‍ 29-ന് ഹരിയാന ആസ്ഥാനമായുള്ള ഡീലറായ സോനുവില്‍നിന്ന് ഒഎല്‍എക്‌സ് വഴിയാണ് ആമിര്‍ കാര്‍ വാങ്ങിയതെന്ന് അധികൃതര്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി) കൈമാറ്റം പൂര്‍ത്തിയാക്കാന്‍ സോനുവിന് ഏകദേശം ഒരു മാസത്തെ സമയപരിധി നല്‍കിയിരുന്നു.
വാഹനം വാങ്ങാന്‍ ആമിര്‍ പുല്‍വാമ വിലാസം കാണിക്കുന്ന രേഖകളാണ് നല്‍കിയത്. പിന്നീട് അത് ഉമറിന് കൈമാറി. ഈ വാഹനമാണ് പിന്നീട് ചെങ്കോട്ടയില്‍ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിനിടെ കൊല്ലപ്പെട്ട ഉമർ നബിയും കൂട്ടാളികളും നേരത്തെയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടയിലോ ദീപാവലിക്കോ ആക്രമണം നടത്താനായിരുന്നു നീക്കം. ഉമറും അറസ്റ്റിലായ മുസ്‌മിൽ ഷക്കീലും കഴിഞ്ഞ ജനുവരിയിൽ ചെങ്കോട്ട സന്ദര്‍ശിച്ചിരുന്നു. മുസ്‌മിലിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് ചാന്ദ്നി ചൗക്കിലും ജമാ മസ്ജിദിലും ഇവര്‍ എത്തിയതായി കണ്ടെത്തി. ദിപാവലി പോലുള്ള ആഘോഷവസരങ്ങളില്‍ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് സൂചന. ആക്രമണത്തിനായി ഭീകരർ വാങ്ങിയ മറ്റ് വാഹനങ്ങൾക്കായി സുരക്ഷാ ഏജൻസികൾ തെരച്ചിൽ ഊർജിതമാക്കി. സ്ഫോടനത്തിന് ഉപയോഗിച്ച കാർ കൂടാതെ മറ്റു രണ്ട് വാഹനങ്ങൾ കൂടി ഭീകരര്‍ വാങ്ങിയതായും വിവരം ലഭിച്ചു.
രണ്ടാമത്തെ കാർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ചുവന്ന എക്കോ സ്പോർട്ട് കാറാണ് കണ്ടെത്തിയത്. ഫരീദാബാദ് പൊലീസാണ് വാഹനം പിടികൂടിയത്. DL 10 CK 0458 എന്ന നമ്പർ കാറാണ് പൊലീസ് കണ്ടെത്തിയത്. ഖണ്ഡവാലി ഗ്രാമത്തിൽ പാർക്ക് ചെയ്തിരുന്ന നിലയിലായിരുന്നു ഈ കാർ. വ്യാജ വിലാസത്തിലാണ് ഈ കാർ രജിസ്റ്റർ ചെയ്തിരുന്നത്. രണ്ടാമത്തെ കാർ രജിസ്റ്റർ ചെയ്തിരുന്നത് ദില്ലി ന്യൂ സീലംപൂരിലെ ഒരു വിലാസത്തിലാണ്. പൊലീസ് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. വ്യാജ രേഖകൾ നൽകി വാഹനം രജിസ്റ്റർ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം.

