ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് ദിവസത്തിൽ പങ്കെടുക്കുക 10 പൊതുപരിപാടികൾ . 90 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നടക്കുന്ന പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ആദ്ദേഹത്തിനു താണ്ടേണ്ടി വരിക 10,800 കിലോമീറ്ററുകളാണ്. ത്രിപുരയിലെ അഗർത്തല, മഹാരാഷ്ട്രയിലെ മുംബൈ, ഉത്തർപ്രദേശിലെ ലക്നൗ, കർണാടകയിലെ ബെംഗളൂരു, രാജസ്ഥാനിലെ ദൗസ എന്നിവിടങ്ങളിലാണ് പൊതുപരിപാടികൾ നടക്കുന്നത്.
ഫെബ്രുവരി 10ന് ഡൽഹിയിൽനിന്ന് ലക്നൗവിലെത്തിയ പ്രധാനമന്ത്രി ഉത്തർപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്തു. തുടർന്ന് മുംബൈയിലെത്തി 2 വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് കർമ്മങ്ങൾ ചെയ്യുകയും വിവിധ റോഡ് പദ്ധതികൾ സമർപ്പിക്കുകയും ചെയ്തു. മുംബൈയിലെ അൽജാമിയ-തുസ്-സൈഫിയയുടെ പുതിയ ക്യംപസിന്റെ ഉദ്ഘാടനം നിർവഹിച്ചു. അതുകഴിഞ്ഞ് ദില്ലിയിലേക്ക് മടങ്ങി. ഈ ദിവസം മാത്രം 2,700 കിലോമീറ്ററിലധികം ദൂരമാണ് അദ്ദേഹം സഞ്ചരിച്ചത്.
ഇന്നലെ ത്രിപുരയിലെത്തിയ പ്രധാനമന്ത്രി, ത്രിപുരയിലെ അംബാസയിലും രാധാകിഷോർപുരിലും രണ്ട് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ശേഷം ദില്ലിയിലേക്കു മടങ്ങി. 3000 കിലോമീറ്ററിലധികമാണ് ഇതിലൂടെ സഞ്ചരിച്ചത്. ഇന്ന് ദില്ലിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് മോദി തിരി തെളിയിക്കും അതിനു ശേഷം രാജസ്ഥാനിലെ ദൗസയിലേക്ക് പോകുന്ന അദ്ദേഹം നിരവധി ഹൈവേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.
ദൗസയിൽ 2 പൊതുയോഗങ്ങളിൽ പങ്കെടുക്കുന്ന അദ്ദേഹം യോഗത്തിനു ശേഷം ബെംഗളൂരുവിലേക്ക് പോകും. ഈ യാത്രയിൽ 1,750 കിലോമീറ്ററിലധികം ദൂരമാണ് പ്രധാനമന്ത്രി താണ്ടുക. നാളെ രാവിലെ, ബെംഗളൂരുവിൽ ‘എയ്‌റോ ഇന്ത്യ 2023’ ഷോ ഉദ്ഘാടനം ചെയ്യുന്ന മോദി, പിന്നീട് ത്രിപുരയിലേക്ക് തിരിക്കും. നാളെ വൈകുന്നേരത്തോടെ അഗർത്തലയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യും. അതിനു ശേഷം രാജ്യതലസ്ഥാനത്തേക്കു മടങ്ങുന്ന പ്രധാനമന്ത്രി നാളെ ഒറ്റദിവസം കൊണ്ട് 3,350 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുകയെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

