വാഷിംഗ്ടണ്‍: രാജ്യത്തിന് പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100% താരിഫ് ഏര്‍പ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് പ്രഖ്യാപിച്ചു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രമ്പിന്റെ പ്രഖ്യാപനം,
വിദേശ രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ ‘മോഷ്ടിച്ചു’ എന്ന് ട്രമ്പ് ആരോപിച്ചു. ‘ഒരു കുഞ്ഞിന്റെ കയ്യില്‍ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെയാണ് മറ്റ് രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ തട്ടിയെടുത്തത്’ എന്ന് ട്രമ്പ് തന്റെ പോസ്റ്റില്‍ കുറിച്ചു. അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള പദ്ധതി മേയില്‍ തന്നെ ട്രമ്പ് പ്രഖ്യാപിച്ചിരുന്നു. അതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ വാണിജ്യ വകുപ്പിനും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസെന്ററ്റീവിനും അദ്ദേഹം അധികാരം നല്‍കുകയും ചെയ്തു.
ഇന്ത്യൻ സിനിമകളുടെ വിദേശ ബോക്സ് ഓഫിസിന്റെ ഏകദേശം 35 മുതൽ 40 ശതമാനം വരെ സംഭാവന ചെയ്യുന്നത് അമേരിക്ക ആണ്. ട്രമ്പിന്റെ തീരുമാനം ബോളിവുഡിനും ഇന്ത്യയിലെ പ്രാദേശിക സിനിമ വ്യവസായത്തിനും തിരിച്ചടിയാകും. തീരുമാനം നടപ്പിലായാൽ ടിക്കറ്റ് വിലയും വിതരണ ചെലവും ഇരട്ടിയാകും.
സിനിമകൾക്ക് പുറമെ, അമേരിക്കൻ ഫർണിച്ചർ വ്യവസായത്തെയും ലക്ഷ്യമിട്ട് ട്രമ്പ് ഉടൻതന്നെ മറ്റൊരു പോസ്റ്റ് പങ്കുവെച്ചു. ചൈനയ്ക്കും മറ്റ് രാജ്യങ്ങൾക്കും കൈമോശം വന്ന നോർത്ത് കരോലിനയിലെ ഫർണിച്ചർ ബിസിനസിനെ വീണ്ടും മഹത്തരമാക്കുന്നതിനായി, അമേരിക്കയിൽ ഫർണിച്ചർ നിർമ്മിക്കാത്ത വിദേശ ഫർണിച്ചർ കമ്പനികൾക്കും ഗണ്യമായ തീരുവ ചുമത്തുമെന്നും ട്രമ്പ് പ്രഖ്യാപിച്ചു. ഇതിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ തീരുവകളും ട്രമ്പ് പ്രഖ്യാപിച്ചിരുന്നു. എല്ലാ കിച്ചൺ കാബിനറ്റുകൾക്കും ബാത്ത്റൂം വാനിറ്റികൾക്കും അനുബന്ധ ഉൽപ്പന്നങ്ങൾക്കും 50% തീരുവയും, അപ്ഹോൾസ്റ്റേർഡ് ഫർണിച്ചറുകൾക്ക് 30% തീരുവയും ചുമത്തുമെന്നും ട്രമ്പ് അറിയിച്ചു.
അമേരിക്കൻ സിനിമകളുടെ പര്യായമായി കണക്കാക്കിയിരുന്ന ഹോളിവുഡ് ഈയിടെയായി വലിയ പ്രതിസന്ധി നേരിടുകയാണ്. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ വളർച്ച സിനിമാ തിയേറ്ററുകളിലെ കാഴ്ചക്കാരുടെ എണ്ണം കുറച്ചു. കൂടാതെ, നിർമ്മാണരംഗത്ത് വലിയ ഇടിവും ബോക്സ് ഓഫീസ് വരുമാനത്തിൽ കുറവും ഉണ്ടായി. 2023 ലും 2024 ലും നടന്ന റൈറ്റേഴ്‌സ് ഗിൽഡിൻ്റെയും മറ്റ് തൊഴിലാളി യൂണിയനുകളുടെയും സമരങ്ങൾ ഏകദേശം 5 ബില്യൺ ഡോളറിൻ്റെ നഷ്ടമാണ് 2023-ൽ മാത്രം വരുത്തിയത്. ഈ സമരം കാരണം നഷ്ടപ്പെട്ട ജോലികൾ ഇതുവരെ തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ഫർണിച്ചറുകൾക്ക് ഏർപ്പെടുത്തുന്ന തീരുവ, ഉത്പാദകരെയും വ്യാപാരികളെയും ഒരുപോലെ ബാധിക്കും. 2000-ത്തിന് ശേഷം ഫർണിച്ചർ, മര ഉൽപ്പന്ന നിർമ്മാണ ജോലികൾ പകുതിയായി കുറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. 2024-ൽ അമേരിക്ക ഏകദേശം 25.5 ബില്യൺ ഡോളറിൻ്റെ ഫർണിച്ചറുകൾ ഇറക്കുമതി ചെയ്തു. ഇതിൽ പകുതിയിലധികം ഇറക്കുമതിയും വിയറ്റ്നാമിൽ നിന്നും ചൈനയിൽ നിന്നുമായിരുന്നു.
ഇറക്കുമതി തീരുവകൾ വിലകൾ കുറച്ചു നിർത്തുന്നതിൽ കമ്പനികൾക്ക് കൂടുതൽ വെല്ലുവിളിയാകും. നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന തീരുവകളുടെ പശ്ചാത്തലത്തിലും ഉയർന്ന ഉൽപ്പന്ന വിലകളെയും വിതരണ ശൃംഖലയുടെ ചെലവുകളെയും മറികടക്കാൻ ശ്രമിക്കുന്നതിനിടയിലും വസ്ത്രങ്ങൾ മുതൽ ടിവികൾ വരെയുള്ള എല്ലാ വസ്തുക്കളുടെയും വില കുതിച്ചുയർന്നിരിക്കുകയാണ്. ഈ പുതിയ തീരുവകൾ അമേരിക്കൻ ഉപഭോക്താക്കൾക്ക് കൂടുതൽ വിലക്കയറ്റത്തിന് കാരണമായേക്കാം എന്ന ആശങ്ക ശക്തമാണ്.

