Sunday, December 21, 2025

ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടേടോ …..
മദ്യപിച്ച് വാഹനം ഓടിച്ചതിനു പിടിയിലായ ഡ്രൈവർമാർക്ക് 1,000 തവണ ഇംപോസിഷൻ;
പിന്നാലെ കടുത്ത നടപടികൾ

തൃപ്പൂണിത്തുറ : വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിക്കപ്പെട്ട 16 ബസ് ഡ്രൈവർമാരെക്കൊണ്ട് 1,000 തവണ ഇംപോസിഷൻ എഴുതിപ്പിച്ച് പൊലീസ്. ‘ഇനിമേലിൽ ഞാൻ മദ്യപിച്ച് വാഹനം ഓടിക്കില്ല’ എന്ന് 1000 തവണ എഴുതിവച്ച ശേഷമാണ് പിടിയിലായ ഡ്രൈവർമാരെ ജാമ്യത്തിൽവിട്ടത്. ഡ്രൈവർമാർ പോലീസ് സ്റ്റേഷനിലെ തറയിൽ കുത്തിയിരുന്ന് നിര നിരയായി ഇംപോസിഷൻ എഴുതുന്ന ചിത്രം സാമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.

ഇന്ന് പുലർച്ചെ 5 മണിമുതൽ 9 വരെ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് 2 കെഎസ്ആർടിസി ഡ്രൈവർമാർ, 10 സ്വകാര്യബസ് ഡ്രൈവർമാർ, 4 സ്കൂൾ ബസ് ഡ്രൈവർമാർ എന്നിവർ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായത്. ഈ ബസുകളിൽ യാത്ര ചെയ്തവരെ പൊലീസ് ഡ്രൈവർമാർ തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിലെത്തിച്ചു. സ്കൂൾ കുട്ടികളെ മഫ്തി പൊലീസുകാർ അവരുടെ സ്കൂളിലും സുരക്ഷിതമായി എത്തിച്ചിരുന്നു.

ഇമ്പോസിഷനിൽ നടപടികൾ അവസാനിക്കുന്നില്ല എന്നാണു പോലീസ് പറയുന്നത്. കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ പ്രത്യേക റിപ്പോർട്ട് നൽകി ബന്ധപ്പെട്ട അധികാരികൾക്ക് അയയ്‍ക്കും. കൂടാതെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിനും വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഇൻസ്പെക്ടർ വി.ഗോപകുമാർ വ്യക്തമാക്കി.

Related Articles

Latest Articles