Sunday, December 14, 2025

കോമൺവെൽത്ത് ഗെയിംസിന്റെ നൂറാം വാർഷിക പതിപ്പ് !2030 കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ അഹമ്മദാബാദിന് ശുപാർശ; ലക്ഷ്യം 2036 ഒളിമ്പിക്സ് വേദി

അഹമ്മദാബാദ്: കോമൺവെൽത്ത് ഗെയിംസിന്റെ നൂറാം വാർഷിക പതിപ്പിന് (Centenary Edition) 2030-ൽ ഭാരതം ആതിഥേയത്വം വഹിച്ചേക്കും. ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദിനെ വേദിയായി തെരഞ്ഞെടുക്കാൻ കോമൺവെൽത്ത് സ്പോർട് എക്സിക്യൂട്ടീവ് ബോർഡ് ശുപാർശ ചെയ്തു. 2036-ലെ ഒളിമ്പിക്സ് ആതിഥേയത്വത്തിനായുള്ള ഭാരതത്തിന്റെ ശക്തമായ നീക്കത്തിനുള്ള ആദ്യപടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

ബുധനാഴ്ച ചേർന്ന കോമൺവെൽത്ത് സ്പോർട്ട് എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിലാണ് അഹമ്മദാബാദിനെ ‘നിർദ്ദിഷ്ട ആതിഥേയ നഗരമായി’ ശുപാർശ ചെയ്തത്. നവംബർ 26-ന് സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന ജനറൽ അസംബ്ലിയിൽ കോമൺവെൽത്ത് സ്പോർട് അംഗങ്ങളുടെ സമ്പൂർണ്ണ അംഗീകാരത്തിനായി ഈ നിർദ്ദേശം സമർപ്പിക്കുമെന്ന് ‘കോമൺവെൽത്ത് സ്പോർട്’ പ്രസ്താവനയിൽ അറിയിച്ചു.

യുപിഎ സർക്കാരിന്റെ കാലത്ത് 2010-ലാണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന് (ദില്ലി ഗെയിംസ്) ആതിഥേയത്വം വഹിച്ചത്. എന്നാൽ, അന്ന് മോശം ആസൂത്രണം, അടിസ്ഥാന സൗകര്യ വികസനത്തിലെ കാലതാമസം, അഴിമതി ആരോപണങ്ങൾ എന്നിവയാൽ ഗെയിംസ് വിവാദങ്ങളിൽ മുങ്ങിയിരുന്നു.

നൂറാം വാർഷിക ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത് രാജ്യത്തിന് അസാധാരണമായ ബഹുമതി ആയിരിക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) പ്രസിഡന്റ് പി.ടി. ഉഷ അഭിപ്രായപ്പെട്ടു. “2030-ലെ ഗെയിംസ്, ഭാരതത്തിന്റെ ലോകോത്തര കായിക-പരിപാടി ശേഷി പ്രദർശിപ്പിക്കുക മാത്രമല്ല, വികസിത് ഭാരത് 2047 എന്ന ലക്ഷ്യത്തിലേക്കുള്ള നമ്മുടെ ദേശീയ യാത്രയിൽ അർത്ഥപൂർണ്ണമായ പങ്ക് വഹിക്കുകയും ചെയ്യും,” അവർ പറഞ്ഞു.

2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഭാരതത്തിന്റെ ശ്രമങ്ങൾക്ക് കരുത്ത് പകരുന്നതിനുള്ള പരീക്ഷണ വേദിയായാണ് 2030-ലെ കോമൺവെൽത്ത് ഗെയിംസിനെ കാണുന്നത്. 2030-ലെ ഗെയിംസ് തുടങ്ങുന്നതിന് മുമ്പ് തന്നെ 2036-ലെ ഒളിമ്പിക്സിന്റെ ആതിഥേയനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും, കൃത്യസമയത്തും സുതാര്യമായും ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കി, 15 വർഷം മുൻപുണ്ടായിരുന്ന അവസ്ഥയിൽ നിന്ന് രാജ്യം ഏറെ മാറിയെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കാൻ ഈ ഗെയിംസിലൂടെ സാധിക്കുമെന്നാണ് IOA ഉദ്യോഗസ്ഥർ പറയുന്നത്.

ആതിഥേയത്വം വഹിക്കാൻ രാജ്യങ്ങൾ മടി കാണിച്ചതോടെ കോമൺവെൽത്ത് ഗെയിംസ് പ്രതിസന്ധിയിലായിരുന്നു. 2026-ലെ ഗെയിംസ് ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ നിന്ന് പിൻവലിച്ചതിനെ തുടർന്ന് ഗ്ലാസ്‌ഗോയാണ് വീണ്ടും ആതിഥേയത്വം വഹിക്കുന്നത്. ഈ സാഹചര്യത്തിൽ, ആതിഥേയത്വം വഹിക്കാൻ തയ്യാറായ അഹമ്മദാബാദും നൈജീരിയയിലെ അബൂജയും മാത്രമായിരുന്നു 2030-ലെ വേദിക്കായി മുന്നോട്ട് വന്നത്.

നരേന്ദ്ര മോദി സ്റ്റേഡിയവും ഉൾപ്പെടുന്ന സർദാർ വല്ലഭായ് പട്ടേൽ എൻക്ലേവ്, 825 കോടി രൂപ മുടക്കി നിർമ്മിച്ച നരൻപുര സ്‌പോർട്‌സ് കോംപ്ലക്‌സ് എന്നിവയാകും 2030 ഗെയിംസിന്റെ പ്രധാന വേദികൾ. 2036 ഒളിമ്പിക്‌സ് ഒന്നിലധികം നഗരങ്ങളെ ലക്ഷ്യമിടുമ്പോൾ, 2030-ലെ കോമൺവെൽത്ത് ഗെയിംസ് അഹമ്മദാബാദിലും ഒരുപക്ഷേ ഗാന്ധിനഗറിലും മാത്രമായി ഒതുങ്ങാനാണ് സാധ്യത.

Related Articles

Latest Articles