ബംഗ്ലാദേശ് വ്യോമസേന വിമാനം സ്കൂൾ കെട്ടിടത്തിൽ ഇടിച്ചുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ 27 കടന്നിരിക്കുകയാണ്. 25 വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനും പൈലറ്റുമാണ് മരിച്ചത്. സ്ഫോടനത്തിൽ 170ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചൈനീസ് നിർമ്മിത യുദ്ധവിമാനമാണ് കഴിഞ്ഞ ദിവസം സ്‌കൂൾ കെട്ടിടത്തിന് മുകളിൽ തകർന്നു വീണത്. എന്നാൽ ചൈനീസ് നിർമ്മിത യുദ്ധവിമാനങ്ങൾ ഇത് ആദ്യമായല്ല ബംഗ്ലാദേശിൽ തകർന്നു വീഴുന്നത്. 1992 മുതൽ ബംഗ്ലാദേശ് വ്യോമസേനയിൽ യുദ്ധവിമാനങ്ങളും പരിശീലന വിമാനങ്ങളും ഉൾപ്പെട്ട കുറഞ്ഞത് 27 അപകടങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ 20 വർഷത്തിനിടെ ഉണ്ടായ 11 അപകടങ്ങളിൽ ഏഴെണ്ണവും ചൈനീസ് നിർമ്മിത വിമാനങ്ങളാണ്. വിലക്കുറവിൽ ലഭിക്കുന്നു എന്ന കാരണത്താലാണ് പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനയിൽ നിന്നും യുദ്ധവിമാനങ്ങൾ വാങ്ങുന്നത്. തിങ്കളാഴ്ച നടന്ന അപകടത്തിൽ ഉൾപ്പെട്ട F-7 BGI വിമാനവും ചൈനീസ് നിർമ്മിത ജെറ്റ് ആയിരുന്നു. ഇതേ വിഭാഗത്തിലുള്ള 40 യുദ്ധവിമാനങ്ങൾ ആണ് ബംഗ്ലാദേശ് ചൈനയിൽ നിന്നും വാങ്ങിയിട്ടുള്ളത്. പരിമിതികൾ കാരണമാണ് സുരക്ഷിതമല്ലെന്ന് അറിയാമായിരുന്നിട്ട് കൂടി വ്യോമസേന ചൈനീസ് നിർമ്മിത വിമാനങ്ങൾ ഉപയോഗിക്കുന്നത് തുടരുന്നതെന്ന് എന്ന് പേര് വെളിപ്പെടുത്താത്ത ഒരു ബംഗ്ലാദേശ് വ്യോമസേന ഉദ്യോഗസ്ഥൻ പ്രതികരിച്ചുവെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

