പൽഘർ: മഹാരാഷ്ട്രയിലെ പൽഘറിൽ മനുഷ്യക്കടത്ത് സംഘം പിടിയിലായതിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ഒരു ബംഗ്ലാദേശ് ബാലികയെ മൂന്ന് മാസത്തിനിടെ 200-ലധികം പേർ ബലാത്സംഗത്തിനിരയാക്കിയതായി പോലീസ് കണ്ടെത്തി. പരീക്ഷയിൽ തോറ്റതിനെത്തുടർന്ന് വീട്ടിൽ നിന്ന് ഒളിച്ചോടിയ 12 വയസ്സുകാരിയാണ് മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിൽപ്പെട്ടത്. കേസിൽ നിലവിൽ ഒമ്പത് പേർ അറസ്റ്റിലായതായി പോലീസ് അറിയിച്ചു.
ബന്ധുവായ ഒരു സ്ത്രീ വഴിയാണ് പെൺകുട്ടി ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നത്. പിന്നീട് ഈ സ്ത്രീ കുട്ടിയെ മനുഷ്യക്കടത്ത് സംഘത്തിന് കൈമാറുകയായിരുന്നു. ഇന്ത്യയിലെത്തിയ ശേഷം കുട്ടിയെ മയക്കുമരുന്ന് കലർത്തിയ പാനീയങ്ങളും കുത്തിവെപ്പുകളും നൽകി അബോധാവസ്ഥയിലാക്കി. തുടർന്ന് ചൂടുള്ള സ്പൂൺ ഉപയോഗിച്ച് ശരീരത്തിൽ പൊള്ളലേൽപ്പിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക വൃത്തിക്ക് നിർബന്ധിക്കുകയായിരുന്നു.
ജൂലൈ 26-നാണ് പോലീസ് സംഘത്തെ പിടികൂടുകയും പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തത്. മിറ-ഭയന്ദർ വസായ്-വിരാർ (MBVV) പോലീസിന്റെ ആൻ്റി-ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റാണ് കേസന്വേഷണം നടത്തിയത്. ഈ യൂണിറ്റിന് എക്സോഡസ് റോഡ് ഇന്ത്യ ഫൗണ്ടേഷൻ, ഹാർമണി ഫൗണ്ടേഷൻ തുടങ്ങിയ എൻ.ജി.ഒകളുടെ സഹായവും ലഭിച്ചിരുന്നു.
റിമാൻഡ് ഹോമിൽ വെച്ച് പെൺകുട്ടി നൽകിയ മൊഴിയാണ് കേസിൽ വഴിത്തിരിവായത്. മൂന്ന് മാസത്തിനിടെ ഗുജറാത്തിലെ നാദിയാദിൽ വെച്ച് 200-ലധികം പേർ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞു.
“ജുവനൈൽ ഹോമിലെ 12 വയസ്സുള്ള പെൺകുട്ടി പറഞ്ഞത്, തന്നെ ആദ്യം ഗുജറാത്തിലെ നാദിയാദിലേക്ക് കൊണ്ടുപോയി, അവിടെ മൂന്ന് മാസത്തിനിടെ 200-ലധികം പുരുഷന്മാർ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ്. ഈ പെൺകുട്ടി തൻ്റെ കൗമാരം പോലും കണ്ടിട്ടില്ല, പക്ഷേ അത്തരം ക്രൂരന്മാർ അവളുടെ ബാല്യം തട്ടിയെടുത്തു,” ഹാർമണി ഫൗണ്ടേഷൻ സ്ഥാപക പ്രസിഡൻ്റ് എബ്രഹാം മത്തായി പറഞ്ഞു.പെൺകുട്ടിയെ പീഡിപ്പിച്ച 200-ലധികം പേരെയും അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെ മുഴുവൻ ശൃംഖലയും തകർക്കുമെന്ന് എം.ബി.വി.വി പോലീസ് കമ്മീഷണർ നികേത് കൗശിക് ഉറപ്പ് നൽകി. ദുർബലരായവർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിന് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ, പോക്സോ നിയമം, ജുവനൈൽ ജസ്റ്റിസ് നിയമം, വിദേശികളുടെ നിയമം, പാസ്‌പോർട്ട് നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തു

