Tuesday, December 16, 2025

ലോകകപ്പ് ഉയർത്തിയ ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം !പ്രഖ്യാപനവുമായി ബിസിസിഐ; കളിക്കാരെയും പരിശീലകരെയും അഭിനന്ദിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ

മുംബൈ: 17 വർഷത്തെ കാത്തിരിപ്പിന് ശേഷം രണ്ടാം ട്വന്‍റി 20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപയാണ് ബിസിസിഐ പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് സമൂഹ മാദ്ധ്യമമായ എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്. ഏകദേശം 20.42 കോടി രൂപയാണ് സമ്മാനത്തുകയായി ഐസിസിയിൽ നിന്ന് ഇന്ത്യൻ ടീമിന് ലഭിക്കുക.

“ഐസിസി പുരുഷ ട്വന്റി -20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്. ടൂർണമെന്‍റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചു. എല്ലാ കളിക്കാർക്കും പരിശീലകർക്കും അഭിനന്ദനങ്ങൾ”- ജയ് ഷാ എക്സിൽ കുറിച്ചു

റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കക്ക് 1.28 മില്യണ്‍ ഡോളര്‍ (ഏകദേശം10.67 കോടി രൂപ) ആണ് സമ്മാനത്തുകയായി ഐസിസിയിൽ നിന്ന് ലഭിക്കുക. സെമിയിലെത്തിയ ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനും 787,500 ഡോളര്‍( ഏകദേശം 6.5 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്. ബാര്‍ബഡോസില്‍ ഇന്നലെ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ 11 വര്‍ഷത്തിനുശേഷം വീണ്ടുമൊരു ഐസിസി ലോകകപ്പില്‍ മുത്തമിട്ടത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യയുടെ ആദ്യ ഐസിസി കിരീടനേട്ടമാണിത്

Related Articles

Latest Articles