Monday, December 15, 2025

ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയെ “വിവരദോഷി” യെന്ന് പിണറായി പരസ്യമായി നിന്ദിച്ചിട്ട് 13 ദിവസങ്ങൾ ! തിരുത്താൻ മറന്ന് പാർട്ടി നേതൃത്വവും മുഖ്യനും ! റിപ്പോർട്ട് ചെയ്യതിനേക്കാൾ വേഗത്തിൽ മലയാളത്തിലെ മാപ്രകൾ മറന്ന സംഭവം വീണ്ടും ജനശ്രദ്ധയിൽപ്പെടുത്തി ജി.ശക്തിധരന്റെ ഫേസ്ബുക്ക്പോസ്റ്റ്

ഇടതില്ലെങ്കിൽ ഇന്ത്യയില്ലെന്ന വാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട് ഒടുവിൽ ലെൻസ് വച്ച് നോക്കിയാൽ മാത്രം ഇന്ത്യയിൽ ഇടതിനെ കാണാനാകുന്ന തരത്തിലാണ് രാജ്യത്തും കേരളത്തിലും സിപിഎം തകർന്നടിഞ്ഞത്. തലമൂത്ത ബുദ്ധിജീവികൾ പടച്ചു വിടുന്ന ക്യാപ്സൂളുകൾക്ക് അടിമപ്പെടാത്ത, ഒരു നേരമെങ്കിലും ചോറ് ഭക്ഷിക്കുന്ന ഏതൊരാൾക്കും ഈ വൻ പരാജയം ഏറെക്കുറെ ഉറപ്പായിരുന്നു . സാമ്പത്തിക ഞെരുക്കത്തിനിടയിലെ ധൂർത്തും വിദേശയാത്രകളും, ആഭ്യന്തര വകുപ്പിലുണ്ടായ ഗുരുതര വീഴ്ചകൾ, മാദ്ധ്യമ വേട്ട, സഹകരണ ബാങ്കുകളില്‍ ഉള്‍പ്പെടെ നടന്ന അഴിമതികള്‍, ക്ഷേമ പെൻഷൻ
മുടങ്ങിയത് പ്രത്യേകിച്ചും ഇന്ധനവിലയിൽ സെസ് ഏർപ്പെടുത്തിയിട്ടും പെൻഷൻ മുടങ്ങിയത്, SFI യുടെ അക്രമാസക്ത രാഷ്ട്രീയം, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, മത -സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി എഴുതിയാലും പറഞ്ഞാലും ഒടുങ്ങാത്ത ഒരു കാക്കത്തൊള്ളായിരം കാരണങ്ങൾ ഈ പടുകൂറ്റൻ തോൽവിക്ക് പിന്നിലുണ്ട്.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും അഹങ്കാര ഹുങ്ക് പ്രകടമാകുന്ന പല പ്രവർത്തികളും മുഖ്യമന്ത്രിയിൽ നിന്നടക്കം ഉണ്ടായി എന്നത് പ്രവർത്തകർ പോലും സമ്മതിക്കുന്ന കാര്യമാണ്. അതിൽ ഒന്നായിരുന്നു ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയെ “വിവരദോഷി” യെന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി നിന്ദിച്ചത്. വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ മുഖ്യമന്ത്രിയുടെ ഒന്നാം നമ്പർ കാർ നായനാരുമായി കടന്നുചെല്ലാൻ ചുവന്ന പരവതാനി വിരിക്കപ്പെട്ടത് ആര് മറന്നാലും സിപിഎമ്മിന്റെ തലമൂത്ത നേതാക്കൾ മറക്കാൻ പാടില്ലാത്തതാണ്. സർക്കാരിന്റെ യശസ്സ് ഉയർത്തുന്ന ഔദ്യോഗിക പരിപാടിക്കിടയിലാണ് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു മുഖ്യമന്ത്രി പുരോഹിതനെ അവഹേളിച്ചത്. “പുരോഹിതരിലും വിവരാദോഷികളുണ്ടെന്ന” മുഖ്യമന്ത്രിയുടെ പരാമർശം അതിര് കടന്നതാണ് എന്ന് തിരുത്താൻ ആർജവമുള്ള നേതാക്കൾ ഇന്ന് ആ നിരയിലില്ല എന്നത് ആ പ്രസ്ഥാനത്തിന് സംഭവിച്ച നിലവാരത്തകർച്ചയുടെ നേർചിത്രമാണ്.

ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍ നിന്നും ഇനിയും പാഠം പഠിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്നും . ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് ഉണ്ടായ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് നിലവിലുള്ള അതിശക്തമായ ഭരണവിരുദ്ധ വികാരമാണെന്നും ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞതാണ് പിണറായിയെ ചൊടിപ്പിച്ചത്. വാർത്ത റിപ്പോർട്ട് ചെയ്യതിനേക്കാൾ വേഗത്തിൽ മലയാളത്തിലെ മാപ്രകൾ സംഭവം മറന്നു.
13 ദിവസം കഴിഞ്ഞിട്ടും വിഷയത്തിൽ ഖേദം പ്രകടിപ്പിക്കാൻ പാർട്ടിയോ മുഖ്യനോ തയ്യാറായിട്ടില്ല. വിഷയത്തിൽ പ്രശസ്ത നവ മാദ്ധ്യമ എഴുത്തുകാരനും ബ്ലോഗറുമായ ജി.ശക്തിധരൻ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. തിരുത്താൻ 13 ദിവസം പോരേ സഖാക്കളേ ? എന്നു തുടങ്ങുന്ന കുറിപ്പിൽ മുഖ്യന്റെ പ്രവർത്തിയെയും പാർട്ടി നേതൃത്വത്തെയും കണക്കറ്റ് വിമർശിക്കുന്നുണ്ട്.

ജി.ശക്തിധരന്റെ കുറിപ്പ് വായിക്കാം !

തിരുത്താൻ 13
ദിവസം പോരേ
സഖാക്കളേ ?
ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയെ “വിവരദോഷി” യെന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി നിന്ദിച്ചു ആക്രമിച്ചിട്ട് ഇന്ന് 13 ദിവസങ്ങളായി. സർക്കാരിന്റെ യശസ്സ് ഉയർത്തുന്ന ഔദ്യോഗിക പരിപാടിക്കിടയിലാണ് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു മുഖ്യമന്ത്രി പുരോഹിത ശ്രേഷ്ഠനെ ഇങ്ങിനെ അവഹേളിച്ചത്. “പുരോഹിതരിലും വിവരാദോഷികളുണ്ടെന്ന” മുഖ്യമന്ത്രിയുടെ ഭർസനം ഞട്ടിക്കുന്നതായിരുന്നു.
മതവിശ്വാസികളെ മാത്രമല്ല ഒരു മതത്തിലും വിശ്വസിക്കാത്തവരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ വാക്കുകൾ . മാത്രമല്ല മാനവികമൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന സമൂഹത്തിനു നേർക്കുള്ള അധിക്ഷേപമായിരുന്നു അത് . മൂന്നരകോടിയോളം മലയാളികളുടെ ഭരണ തലവനാണ് മുഖ്യമന്ത്രി. എത്ര വലിയ മടമ്പിയാണെങ്കിലും ഒരു ബിഷപ്പിനെ വിവരദോഷയിയെന്ന് വിളിച്ച് അധിക്ഷേപിക്കുന്നത് സമൂഹത്തിന് പൊറുക്കാവുന്നതല്ല.
എന്നാൽ പാർട്ടിക്കും ഭരണത്തിനും സംഭവിച്ച തെറ്റുകൾ തിരുത്തുമെന്ന് ചിലർ പൂർണ്ണ മനസോടെയല്ലെങ്കിലും ജനങ്ങൾക്ക് ഉറപ്പ് നല്കുന്നതിനിടയിലാണ് മുഖ്യമന്ത്രി നെറികെട്ട പ്രകോപനപരമായ ഈ പ്രസ്താവന നടത്തിയത് എന്നത് വിരോധാഭാസമാണ് . മാത്രമല്ല ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് നിരൂപാധിക പിന്തുണ
പ്രഖ്യാപിച്ച ഏക സഭയുടെ ബിഷപ്പിനോടാണ് ഈ തിണ്ണ മിടുക്ക് കാട്ടിയത് ! മുഖ്യമന്ത്രിക്ക് സമനില
തെറ്റിയിട്ടുണ്ടെങ്കിൽ അതിനുള്ള ചികിൽസയാണ് വേണ്ടത് . അത് ഇനി ഒട്ടും വൈകികൂടാ. “വിവരദോഷി ” എന്നതിനെക്കാൾ ” കഠിന പദങ്ങൾ മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി വിളിക്കാൻ ധൈര്യമുള്ളവരാണ് മലയാളികൾ. എല്ലാ ചെരുപ്പുകളും കാലിൽ തന്നെ കിടക്കണമെന്നില്ല. വിജയൻ മാഷ് പറഞ്ഞത് പോലെ ചില ചെരുപ്പുകൾ ചൊറിയും.
13 ദിവസം കഴിഞ്ഞിട്ടും ഒരു ക്ഷമ ചോദിക്കണമെന്ന് പോലും തോന്നാത്ത പാർട്ടി നേതൃത്വം ഏത് യുഗത്തിലാണ് ജീവിക്കുന്നത്? ഇതിൻമേൽ ചിലർ കുമ്പസരിച്ചത് വെറും മുഖം രക്ഷിക്കാലായിരുന്നോ? ബിഷപ്പ് ഇട്ടിരിക്കുന്ന ളോഹയോട് എങ്കിലും അഴിമതിയുടെ ആൾരൂപമായ മുഖ്യമന്ത്രി ആദരവ് കാട്ടേണ്ടതായിരുന്നില്ലേ?
കേരളത്തിലെ പൌരസമൂഹം കരുത്തുറ്റതായിരുന്നെങ്കിൽ തൽസമം ഈ മാടമ്പിയെക്കൊണ്ട് ക്ഷമ പറയിക്കണമായിരുന്നു. ക്ഷമ പറഞ്ഞിട്ട് മതി ഭരണ സിരാകേന്ദ്രത്തിൽ കാലുകുത്താൻ എന്ന് പറയാനുള്ള ആർജ്ജവം ഈ നാടിന് ഇല്ലാതെ പോയി. ഇതുപോലുള്ള നൃശംസന്മാര്ക്ക് അതൊരു പാഠമാകുമായിരുന്നു. മലയാളികളുടെ യശ്ശസ് എത്രയോ ഉയരുമായിരുന്നു.
മുഖ്യമന്ത്രി മാത്രമല്ല പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഈ കടുത്ത നിന്ദാ പ്രയോഗം തള്ളിപ്പാറയാൻ തയ്യാറായില്ല എന്നത് ഫലത്തിൽ അത് ശരിവെയ്ക്കുന്നതിന് തുല്യമല്ലേ? ഇതാണോ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ചെയ്യേണ്ടത്? മണിപ്പൂരിന്റെ പേരിൽ കാട്ടിക്കൂട്ടിയത് ആരുടെ കണ്ണിൽ പൊടിയിടാനാണ്.? പാർട്ടിയുടെ സമുന്നത നേതാക്കളും മറ്റും കേരളത്തിൽ ഉണ്ടായിട്ടും ഒരു മഞ്ഞുരുരുക്കത്തിന്നെങ്കിലും ഒരു നേതാവ് എങ്കിലും ആ മണ്ണിൽ ചവിട്ടി നിന്ന്
പശ്ചാത്തപിക്കേണ്ടതല്ലേ? അതോ പാർട്ടി ജനറൽ സെക്രട്ടറിക്ക് പോലും ഈ മാടമ്പിയെ ഭയമാണോ ?
പള്ളിയുടെ നട്ടെല്ല് പിണറായി വിജയൻ ഊരിയെടുത്തത് കൊണ്ടാണോ ഒരു പുരോഹിതനും പ്രതികരിക്കാത്തത് ? ബിഷപ്പിനെ ഇങ്ങിനെ താറടിച്ചിട്ടും പള്ളിയും പട്ടക്കാരും വായില് നിന്ന് നാവ് പുറത്തെടുക്കാത്തത് . മാർപ്പാപ്പയെ അസഭ്യം പറഞ്ഞാലും ഇതു തന്നെയാകുമോ പള്ളിയുടെ പ്രതികരണം? .
വെള്ളയമ്പലം ബിഷപ്പ് ഹൌസിൽ മുഖ്യമന്ത്രിയുടെ ഒന്നാം നമ്പർ കാർ നായനാ രുമായി കടന്നുചെല്ലാൻ ചുവന്ന പരവതാനി വിരിക്കപ്പെട്ടത് ഓർമ്മയുണ്ടോ ? . അതായിരുന്നു നായനരുടേയും എ പി കുര്യന്റേയും നയതന്ത്ര ഞ്ജത . ആ പരിശുദ്ധിയാണ് ഇന്നത്തെ മുഖ്യമന്ത്രി കളങ്കപ്പെടുത്തിയത്. എന്നിട്ടും കുംഭകർണ്ണ സേവയിലാണ് അജപാലകർ . പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയുടെയും ജനങ്ങളുടെയും ദീപശിഖയായി ശോഭിച്ച നായനാരുടെ ഓർമ്മകൾക്ക് മുന്നിൽ നമോവാകം. ഇപ്പോഴത്തെ മൂക്കുപണ്ടത്തെ കാണുമ്പോൾ മഹാനടൻ പി ജെ ആന്റണി നിർമ്മാല്യത്തിലെ അന്തിമഷോട്ടിൽ കാണിച്ച ആക്ഷനാണ്
ഓർമ്മയിൽ വരുന്നത്. ഫൂ !

Related Articles

Latest Articles