Friday, December 12, 2025

സിഗരറ്റ് കൊണ്ടും ഇസ്തിരിപ്പെട്ടി കൊണ്ടും ദേഹമാകെ പൊള്ളിച്ച് പീഡനമെന്ന് സംശയം; ചെന്നൈയിൽ വീട്ടു ജോലിക്കാരിയായ പതിനഞ്ചുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ദമ്പതികളായ മുഹമ്മദ് നിഷാദും നാസിയയും പിടിയിൽ

ചെന്നൈ: വീട്ടുജോലിക്കാരിയായ പതിനഞ്ചുകാരിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നത്. ചെന്നൈ സ്വദേശികളായ മുഹമ്മദ് നിഷാദിനെയും ഭാര്യ നാസിയയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു പെൺകുട്ടി. ശുചിമുറിയിൽ മരിച്ചനിലയിൽ പെൺകുട്ടി ഉള്ളതായി പോലീസ് സ്റ്റേഷനിൽ ആരോ വിളിച്ചറിയിക്കുകയായിരുന്നു. ഇതനുസരിച്ച് വീട്ടിലെത്തിയ പോലീസ് മൃതദേഹം കണ്ടെത്തി നടപടികൾ പൂർത്തിയാക്കുകയായിരുന്നു.

പോലീസ് വീട്ടിലെത്തുമ്പോൾ പ്രതികളായ ദമ്പതിമാർ അവിടെ ഉണ്ടായിരുന്നില്ല. ഇവർ സഹോദരിയുടെ വീട്ടിലേക്ക് കടന്നുകളയുകയായിരുന്നു. പതിനഞ്ചുകാരിയായ പെൺകുട്ടിയെ ഇവരുടെ ഒരു സുഹൃത്ത് മുഖാന്തിരം വീട്ടുജോലിക്കായി എത്തിക്കുകയായിരുന്നു. കുട്ടി ഇവിടെ ക്രൂര പീഡനത്തിന് ഇരയായതായാണ് സൂചന. സിഗരറ്റ് കൊണ്ടും ഇസ്തിരിപ്പെട്ടികൊണ്ടും പൊള്ളിക്കുമായിരുന്നു എന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ഇത് സാധൂകരിക്കുന്ന നിരവധി പാടുകൾ പെൺകുട്ടിയുടെ ശരീരത്തിലുണ്ട്. ക്രൂരമർദ്ദനമാകാം മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു. ഇന്നലെ രാത്രി 7.30 നും 8 മണിക്കും ഇടയിലാണ് കൊലപാതകം നടന്നത് എന്നാണ് സംശയിക്കുന്നത്.

Related Articles

Latest Articles