കാസർഗോഡ് : ജില്ലയിൽ വീണ്ടും മുത്തലാഖ് സംബന്ധിച്ച് പരാതി. ദേലംപാടി സ്വദേശിനിയായ 22-കാരിയാണ് ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്നും ഗർഭിണിയായിരിക്കുമ്പോൾ പോലും ക്രൂരമായി മർദിച്ചെന്നും ആരോപിച്ച് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ഇബ്രാഹിം ബാദുഷക്കെതിരെ പോലീസ് കേസെടുത്തു.
ദേലംപാടി സ്വദേശിയായ റാഫിദയാണ് ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ഗർഭാവസ്ഥയിൽ വയറ്റിൽ ചവിട്ടിയെന്നും കുഞ്ഞിന്റെ പിതൃത്വത്തെ ചോദ്യം ചെയ്തുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ബളിഞ്ച പള്ളിയിലെ ഖത്തീബ് കൂടിയാണ് റാഫിദയുടെ ഭർത്താവ് ഇബ്രാഹിം ബാദുഷ.
ഭർത്താവിന്റെ മർദനം മൂലം മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടതായും യുവതി മൊഴി നൽകിയിട്ടുണ്ട്. മുത്തലാഖ് നിയമം നിലവിൽ വന്നതിന് ശേഷം മുസ്ലീം സ്ത്രീകൾക്ക് നിയമപരമായ സംരക്ഷണം ലഭിക്കുമ്പോഴും കേരളത്തിൽ മുത്തലാഖ് ചൊല്ലുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

