Friday, December 12, 2025

23 ദിവസമായി ഐസിയുവിൽ ! അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഉപേക്ഷിച്ച് കടന്ന കുഞ്ഞിന് സർക്കാർ സംരക്ഷണമൊരുക്കും

തിരുവനന്തപുരം : അന്യസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കൾ ഐസിയുവില്‍ ഉപേക്ഷിച്ച് കടന്ന 23 ദിവസം പ്രായമായ നവജാത ശിശുവിന് വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കും. ആരോഗ്യമന്ത്രി വീണാ ജോർജ് ഇതുസംബന്ധിച്ച് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിർദ്ദേശം നല്‍കി. അതേസമയം മാതാപിതാക്കള്‍ തിരിച്ചു വരുന്നെങ്കില്‍ കുഞ്ഞിനെ അവര്‍ക്ക് കൈമാറും.

കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് ഇനി വേണ്ട എന്നാണെങ്കില്‍ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. കുഞ്ഞിന് ഇനിയുള്ള ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. ഇവർ പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്താണ് ട്രെയിനില്‍ വച്ച് ഭാര്യയ്ക്ക് അസ്വസ്ഥതകളുണ്ടായത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്യുകയായിരുന്നു.

ഒരു കിലോയില്‍ താഴെ ഭാരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ അവര്‍ സ്വകാര്യ ആശുപത്രിയിലെ എന്‍ഐസിയുവിലേയ്ക്ക് മാറ്റി. കു‍ഞ്ഞ് ലൂർദ് ആശുപത്രിയിലെ എൻഐസിയുവിലാണ് ഇപ്പോൾ. 28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്റെ വളർച്ചയെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

കുഞ്ഞിനെ ലൂർദ്ദ് ആശുപത്രിയിലേക്ക് കൊണ്ടു വന്ന സമയത്ത് കുട്ടിയുടെ അമ്മ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അച്ഛൻ‌ രണ്ടിടത്തും മാറി മാറി നിന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അമ്മയെ 31ന് ആശുപത്രിയിൽ‌ നിന്നു ഡിസ്ചാർജ് ചെയ്തു. എന്നാൽ അന്നുവരെ മകളെ കാണാൻ ആശുപത്രിയിലെത്തുമായിരുന്ന അച്ഛൻ പിന്നീടു വന്നില്ല. ആരോടും പറയാതെ മംഗളേശ്വറും രഞ്ജിതയും നാട്ടിലേക്കു മടങ്ങിയെന്നാണ് വിവരം.

Related Articles

Latest Articles