കഴിഞ്ഞ മകരവിളക്ക് സീസണിൽ ശബരിമല ദർശനത്തിനിടെ മൊബൈൽ ഫോൺ നഷ്ടമായ 230 തീർത്ഥാടകരിൽ 102 പേർക്കും മൊബൈൽ ഫോൺ കണ്ടെത്തി കൊറിയർ മാർഗം തിരിച്ചയച്ചു കൊടുത്ത് കേരളാ പോലീസ്. മുൻ വർഷത്തെ മണ്ഡല മകരവിളക്ക് സീസണിലാണ് തീർഥാടകരുടെ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്താൻ ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദേശപ്രകാരം സൈബർ ഹെൽപ്ഡെസ്ക് രൂപീകരിച്ചത്. ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായി ഇന്റർനെറ്റ് കണക്‌ഷനുള്ള കൗണ്ടർ സജ്ജീകരിച്ച് സ്റ്റേഷനിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും സിഇഐആർ (സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ) പോർട്ടൽ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകി.
ഫോൺ നഷ്ടമായെന്ന പരാതിയുമായി സ്റ്റേഷനിലെത്തുന്ന ഭക്തരിൽനിന്നു വിവരങ്ങൾ ശേഖരിച്ച് സിഇഐആർ പോർട്ടലിൽ രജിസ്റ്റർ ചെയ്യും. ഉടൻ തന്നെ ആ മൊബൈൽ ഫോൺ ബ്ലോക്കാവും. പരാതിക്കാരൻ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് ഒരു സന്ദേശമെത്തും. പോർട്ടൽ വഴി ബ്ലോക്ക് ചെയ്ത ഫോൺ ഏതെങ്കിലും മൊബൈൽ നെറ്റ്‌വർക്ക് വഴി ഓൺ ആയാൽ ആ നെറ്റ്‌വർക്ക് സർവീസ് പ്രൊവൈഡർ പോർട്ടൽ മുഖേന പരാതിക്കാരനും രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറും. ആ ഫോണിൽ നിലവിൽ ഉപയോഗിക്കുന്ന നമ്പരിലേക്ക് സൈബർ ഹെൽപ്ഡെസ്കിലെ ഉദ്യോഗസ്ഥർ ഫോൺ ചെയ്തും നോട്ടിസുകൾ അയച്ചും കാര്യങ്ങൾ ധരിപ്പിക്കും.
പമ്പ സ്റ്റേഷനിലേക്ക് കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നും അയച്ചുകിട്ടിയത് 102 ഫോണുകളായിരുന്നു. ഇവ യഥാർഥ ഉടമസ്ഥർക്ക് കൊറിയർ മുഖേന അയച്ചുകൊടുത്തു. കളഞ്ഞുകിട്ടുന്ന ഫോണുകൾ ഇത് കിട്ടുന്നവർ അവരുടെ പ്രദേശത്തെ മൊബൈൽ കടകളിൽ വിൽക്കുകയാണ് ചെയ്യുന്നത്. ഇവ മറ്റൊരാൾ വാങ്ങി പുതിയ സിം ഇടുമ്പോൾ പലീസിന് അലർട് സന്ദേശം ലഭിക്കും. നഷ്ടപ്പെട്ട ഫോണുകൾ ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മറ്റും ഉപയോഗിക്കുന്നതായി പോർട്ടലിലൂടെ കണ്ടെത്തി. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ഫോണുകളും തിരികെ ലഭിച്ചത്.

