Thursday, December 18, 2025

അയ്യപ്പന്മാർക്ക് 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം !! നാറാണംതോട്, ശബരിമല തീർത്ഥാടനപാതയിൽ മെഡിക്കൽ സേവാകേന്ദ്രവും ഇൻഫർമേഷൻ സെന്ററും ആരംഭിച്ച് സേവാഭാരതി

ശബരിമല തീർത്ഥാടകർക്കായി ദേശീയ സേവാഭാരതി പത്തനംതിട്ട ജില്ലാ ഘടകവും റാന്നി, പെരുനാട് സമിതികളും ചേർന്ന് നാറാണംതോട് കേന്ദ്രമാക്കി ഒരുക്കിയ മെഡിക്കൽ സേവാകേന്ദ്രം ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചു. ചെങ്കോട്ടുകോണം മഠത്തിലെ സ്വാമി ബ്രഹ്മചാരി പ്രബുദ്ധ് ആണ് മെഡിക്കൽ സേവാകേന്ദ്രത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്.

ഹരിഹരപുത്ര ആശ്രമത്തിന് സമീപം പ്രവർത്തനം ആരംഭിച്ച ഈ സേവാകേന്ദ്രത്തിൽ 24 മണിക്കൂറും പരിചയസമ്പന്നരായ ഡോക്ടർമാരുടെ മെഡിക്കൽ സംഘം തീർത്ഥാടകർക്കായി സേവനം നൽകും. കൂടാതെ ആംബുലൻസ് സൗകര്യം, വോളണ്ടിയർ പിന്തുണ മുതലായ സേവനങ്ങളും ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകർക്കായി സജ്ജമാക്കിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിൽ ദേശീയ സേവാഭാരതി ജില്ലാ അധ്യക്ഷൻ അഡ്വ. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് ദക്ഷിണ പ്രാന്ത സഹ സേവാപ്രമുഖ് കെ. ഗിരീഷ് കുമാർ, ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി പി. ശ്രീജിത്ത്, ആർ.എസ്.എസ് ശബരിഗിരി വിഭാഗ് സഹ കാര്യവാഹ് എൻ. വേണു, ഹരിഹരപുത്ര ആശ്രമം ട്രസ്റ്റി അനിൽ വാത്തിക്കുളം, ദേശീയ സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി എൻ. സന്തോഷ് കുമാർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ദേശീയ സേവാഭാരതി ജില്ലാ ഖജാൻജി ടി. അനിൽ കുമാർ കൃതജ്ഞത രേഖപ്പെടുത്തി.

Related Articles

Latest Articles