Saturday, December 13, 2025

24 പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് !ബെംഗളൂരുവിൽ ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് യുവ എഞ്ചിനീയർ ആത്മഹത്യ ചെയ്തു

ബെംഗളൂരുവിൽ ഭാര്യയും ഭാര്യയുടെ ബന്ധുക്കളും നിരന്തരം പീഡിപ്പിക്കുന്നുവെന്ന ആത്മഹത്യാക്കുറിപ്പെഴുതി വച്ച ശേഷം 34 കാരനായ എഞ്ചിനീയർ ആത്മഹത്യ ചെയ്തു. യുവാവ് എഴുതിയ 24 പേജുകളുള്ള ആത്മഹത്യാക്കുറിപ്പിൽ ഭാര്യക്കെതിരെ ഗുരുതരമായ ആരോപണളാണുള്ളത്. മരണത്തിന് മുമ്പ് ചിത്രീകരിച്ച വീഡിയോ സന്ദേശത്തിലും ഭാര്യയ്‌ക്കെതിരായ ആരോപണങ്ങളാണുള്ളത്. തൻ്റെ കുട്ടിയുടെ സംരക്ഷണം മാതാപിതാക്കൾക്ക് കൈമാറണമെന്നും അദ്ദേഹം ഈ വീഡിയോയിലൂടെയും ആത്മഹത്യ കുറിപ്പിലൂടെയും ആവശ്യപ്പെട്ടിട്ടുണ്ട്.ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ യുപി സ്വദേശിയായ അതുൽ സുഭാഷ് ആണ് ആത്മഹത്യ ചെയ്തത്.

ഭാര്യ തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാണ് അതുലിന്റെ പ്രധാന ആരോപണം. ‘ഇന്ത്യയിൽ പുരുഷന്മാരുടെ നിയമപരമായ വംശഹത്യയാണ് നടക്കുന്നത്’ എന്ന കുറിപ്പോടെ ആയിരുന്നു അതുൽ തന്റെ വീഡിയോ സന്ദേശം പങ്കുവെച്ചിരുന്നത്. അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പ് ഇമെയിലിലൂടെ ചിലർക്ക് അയച്ചുകൊടുക്കുകയും ഒരു എൻജിഒയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

തൻ്റെ ഭാര്യ തനിക്കെതിരെ നിരവധി കേസുകൾ നൽകിയിട്ടുണ്ടെന്നും ഭാര്യയാണ് തൻ്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയെന്നും അതുൽ സുഭാഷ് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. അതുലിന്റെ ഭാര്യ ഉത്തർപ്രദേശിൽ ഇദ്ദേഹത്തിനെതിരായി 9 കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. 6 കേസുകൾ കീഴ്‌ക്കോടതിയിലും 3 എണ്ണം ഹൈക്കോടതിയിലുമാണുള്ളത്. മാസംതോറും രണ്ട് ലക്ഷം രൂപ ജീവനാംശം നൽകണമെന്ന് ഭാര്യ ആവശ്യപ്പെടുന്ന കാര്യവും അതുൽ സുഭാഷിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.

Related Articles

Latest Articles