മലപ്പുറം: നായാട്ടുകാർ വച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. വൈദ്യുതാഘാതമേറ്റാണ് മരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത് . വയറിൽ ഷോക്കേറ്റ് പൊള്ളിയ പാടുകളുണ്ട്. നേരിട്ട് കമ്പി വയറിൽ തട്ടിയത് കൊണ്ട് ആഘാതം കൂടിയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വയറിൽ 3 പാടുകളുണ്ട്. അതിൽ ഒരെണ്ണം ആഴത്തിലുള്ളതാണ്. ശരീരത്തിൽ മറ്റ് മുറിവുകളൊന്നുമുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു,
അതേസമയം അനന്തുവിന്റെ മരണം ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ് കെ അലവിക്കാണ് അന്വേഷണ ചുമതല. കേസിൽ നിലവിൽ ഒരൊറ്റ പ്രതി മാത്രമാണുള്ളതെന്ന് അനന്തുവിന്റെ വീട്ടിലെത്തിയ അലവി പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് തീരുമാനം. പന്നിയെ പിടിക്കാനാണ് പ്രതി കെണി വെച്ചത്. നിലവിൽ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. വൈദ്യുതി വകുപ്പിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തും. പ്രതിയുടെ കോൾ ലിസ്റ്റ് പരിശോധിക്കും. പ്രതി കുറ്റ സമ്മതം നടത്തിയിട്ടുണ്ട്. ഇന്ന് നിലമ്പൂർ കോടതിയിൽ ഹാജരാക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.

