ആഗോള അയ്യപ്പസംഗമത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അയ്യപ്പസംഗമത്തിന് ഒരു രൂപപോലും ചെലവാക്കില്ലെന്ന ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ച് സർക്കാർ. അയ്യപ്പ സംഗമത്തിനായി ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ് ഫണ്ടില്‍നിന്ന് മൂന്നുകോടി രൂപ അനുവദിച്ചതിന്റെ രേഖകൾ പുറത്തു വന്നു. അയ്യപ്പസംഗമം നടക്കുന്നതിന്റെ അഞ്ചുദിവസംമുന്‍പ് (15-09-2025 തിങ്കളാഴ്ച) ദേവസ്വം കമ്മിഷണര്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഇതുസംബന്ധിച്ച തെളിവുകളുള്ളത്.
ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ചുമതല ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തിനാണ്. സംഗമത്തിന്റെ നടത്തിപ്പിന് കമ്പനിക്ക് ആകെ ചെലവായത് 82242147 (8.2 കോടി) രൂപയാണ്. ഇതില്‍ ആദ്യഘട്ടമെന്നോണം അഡ്വാന്‍സായി മൂന്നുകോടി രൂപ ദേവസ്വം കമ്മിഷണറുടെ സര്‍പ്ലസ് ഫണ്ടില്‍നിന്ന് അനുവദിച്ചെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതിന്റെ അക്കൗണ്ട് നമ്പറടക്കം ഓര്‍ഡറില്‍ കാണിക്കുന്നുണ്ട്. സ്‌പോണ്‍സര്‍മാരിലൂടെ സംഗമത്തിനായി പണം കണ്ടെത്തുമെന്നായിരുന്നു സർക്കാർ കോടതിയിൽ അറിയിച്ചിരുന്നത്.
ഭക്തര്‍ കാണിക്കയിടുന്നതടക്കമുള്ള പണമാണ് സര്‍പ്ലസ് ഫണ്ട്. ഇത് ദേവസ്വം ബോര്‍ഡിന്റെ ആസ്തി വികസിപ്പിക്കാനോ കെട്ടിടം പണിയാനോ ഒക്കെയാണ് ചെലവഴിക്കേണ്ടത്. ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ ദേവസ്വം കമ്മിഷണറുടെ സര്‍പ്ലസ് ഫണ്ട് അനുവദിക്കാന്‍ കഴിയുകയുള്ളൂ.

