അൽ ജസീറ ലേഖകന്റെ വീട്ടിൽ തടവിലാക്കിയിരുന്ന 3 ഇസ്രയേൽ ബന്ദികളെ മോചിപ്പിച്ച് ഇസ്രയേൽ സൈന്യം. സൈനിക നടപടിക്കിടെ ഹമാസിൻ്റെ തൊഴിൽ മന്ത്രാലയത്തിൻ്റെ വക്താവ് കൂടിയായ അബ്ദല്ല അൽജമാൽ കൊല്ലപ്പെട്ടു,അൽജമാലിന്റെ സെൻട്രൽ ഗാസയിലെ വീട്ടിൽ നടത്തിയ ഓപ്പറേഷനിലൂടെ ബന്ദികളായ അൽമോഗ് മെയർ ജാൻ (21), ആന്ദ്രി കോസ്‌ലോവ് (27), ഷ്ലോമി സിവ് (41) എന്നിവരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. യൂറോ-മെഡ് ഹ്യൂമൻ റൈറ്റ്‌സ് മോണിറ്ററിൻ്റെ തലവനായ റാമി അബ്ദു അൽജമാലിൻ്റെ മരണം സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനം വിജയകരമാണെന്നും ഓപ്പറേഷനിടെ 100-ൽ താഴെ ആളുകൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ വ്യക്തമാക്കി.
ഹമാസ് ഭീകരസംഘടന സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്നതിൻ്റെ തെളിവാണിതെന്ന് ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. അൽജമാൽ 2019ൽ അൽ ജസീറയ്ക്ക് വേണ്ടി ഒരു കോളം എഴുതിയിരുന്നു. അതേസമയം അൽജമാൽ ജീവനക്കാരനല്ലെന്നാണ് അൽജസീറ പറയുന്നത്.
ഗാസയിൽ ദിവസേന വാർത്തകൾ നൽകുന്നതിനായി പ്രവർത്തിക്കുന്ന വാഷിംഗ്ടൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പലസ്തീൻ ക്രോണിക്കിൾ എന്ന സംഘടനയ്ക്കായാണ് അൽജമാൽ അവസാനമായി എഴുതിയിരുന്നത് എന്നാണ് വിവരം. നുസൈറാത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഐഡിഎഫ് ഓപ്പറേഷനെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു ഇയാളുടെ റിപ്പോർട്ടുകൾ.

