Thursday, December 18, 2025

പാർലമെന്റിൽ വ്യാജരേഖകൾ ഉപയോഗിച്ച് നുഴഞ്ഞു കയറ്റശ്രമം! മൂന്നുപേരെ പിടികൂടി സുരക്ഷാ സേന; പ്രതികളുടെ ഉദ്ദേശ്യമെന്തെന്നകാര്യത്തിൽ അന്വേഷണം

ദില്ലി: പാർലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ച് കടക്കാൻ മൂന്നംഗ സംഘത്തിന്റെ ശ്രമം. പാർലമെന്റിന് പുറത്ത് ജോലി ചെയ്യുന്ന മൂന്ന് തൊഴിലാളികളെയാണ് സുരക്ഷാ സേന പിടികൂടിയിരിക്കുന്നത്. വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് പാർലമെന്റ് കോംപ്ലെക്സിനകത്ത് കടക്കാനായിരുന്നു ശ്രമം. തൊഴിലാളികളെ പിടികൂടിയ സുരക്ഷാ സേന പാർലമെന്റ് സ്ട്രീറ്റ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ലക്‌ഷ്യം വച്ചാണോ അതോ അകത്ത് കയറി കാണാനുള്ള കൗതുകമാണോ അതിക്രമിച്ച് കയറാനുള്ള കാരണമെന്ന് അന്വേഷിച്ചു വരികയാണ്. പ്രതികളെ വിവിധ ഏജൻസികൾ ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തൊഴിലാളികൾ അകത്ത് കടക്കാൻ ശ്രമിച്ചത്.

2023 ഡിസംബർ 13 ന് മൂന്നു യുവാക്കൾ പാർലമെന്റിൽ അതിക്രമിച്ച് കയറി പുകബോംബ് പൊട്ടിച്ചിരുന്നു. പാർലമെന്റ് സമ്മേളിച്ചുകൊണ്ടിരിക്കുമ്പോൾ സന്ദർശക ഗ്യാലറിയിൽ നിന്ന് അവർ സഭാഹാളിലേക്ക് ചാടുകയായിരുന്നു. സംഭവത്തിന് ശേഷം പാർലമെന്റിന്റെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം വിവിധ പരിപാടികൾ പാർലമെന്റിൽ നടക്കാനിരിക്കെയാണ് മൂന്നുപേർ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. അതുകൊണ്ടുതന്നെ കേന്ദ്ര ഏജൻസികൾ വിശദമായ അന്വേഷണം നടത്തുകയാണ്.

Related Articles

Latest Articles