വയനാട് : ഉരുൾപ്പൊട്ടൽ തകർത്തെറിഞ്ഞ മുണ്ടക്കൈയെ പുറംലോകവുമായി ബന്ധിപ്പിച്ചുള്ള ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയായി. കനത്ത മഴയെയും പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് കഴിഞ്ഞ രാത്രിയിലെ ഉറക്കം പോലും ഉപേക്ഷിച്ച് സൈനികർ നിർമ്മിച്ച പാലം വൈകുന്നേരം ആറ് മണിയോടെയാണ് പൂർത്തിയായത്. സൈനിക വാഹനങ്ങൾ കടത്തി വിട്ട് പാലത്തിന്റെ ശക്തി പരിശോധന വിജയകരമായി നടന്നു. മണ്ണുമാന്തി യന്ത്രവും പാലത്തിലൂടെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ കടന്നു പോയി. 35 മണിക്കൂർ നീണ്ട വിശ്രമമില്ലാത്ത അധ്വാനത്തിലൂടെ 190 അടി നീളമുള്ള പാലമാണ് സൈന്യം പണി തീർത്തത്. അതേസമയം കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്നതിനാൽ രക്ഷാദൗത്യം നാളെയാകും പുനരാരംഭിക്കുക.
മുണ്ടക്കൈയിലേക്കുള്ള പ്രവേശന മാർഗമായ ഏക പാലം ഉരുൾപൊട്ടലിൽ തകർന്നിരുന്നു. സൈന്യം നിർമിച്ച താത്കാലിക പാലത്തിലൂടെയും വടം കെട്ടിയുമാണ് ഇതുവരെ ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവർത്തകർ എത്തിയതും കുടുങ്ങിക്കിടന്നവരെ പുറത്തേക്കെത്തിച്ചതും. ഹിറ്റാച്ചിയടക്കമുള്ള യന്ത്രസംവിധാനങ്ങൾ പുഴയിലൂടെ ഇറക്കിയാണ് എത്തിച്ചത്. ചൂരൽമലയിൽ നിന്ന് മുണ്ടക്കെയിലേക്ക് ബെയ്‌ലി പാലത്തിന്റെ നിർമാണം പൂർത്തിയായതോടെ രക്ഷാപ്രവർത്തനത്തിന് വേഗം കൂടും.
അതേസമയം ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരണ സംഖ്യ 283 ആയി ഉയര്‍ന്നു. 34 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. മുണ്ടക്കൈയിൽ ഇനി ജീവനോടെ ആരെയും കണ്ടെത്താനില്ലെന്ന് സൈന്യം സർക്കാരിനെ അറിയിച്ചു. കനത്ത മഴ മൂന്നാം ദിനവും രക്ഷാദൗത്യത്തിന് വെല്ലുവിളിയായി. 240 പേർ ഇപ്പോഴും കാണാമറയത്തെന്നാണ് വിവരം.

