എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ച വമ്പൻ വിജയം എൻഡിഎ മുന്നണിക്ക് ലഭിക്കാതെ വന്നതോടെ തകർന്നടിഞ്ഞ ഓഹരി വിപണികൾ വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസത്തെ തകര്‍ച്ചയില്‍ മൂല്യം കുത്തനെ ഇടിഞ്ഞതോടെ മികച്ച ഓഹരികള്‍ തേടി നിക്ഷേപകരെത്തിയതിന് പുറമെ മൂന്നാം മോദി സർക്കാർ തന്നെ അധികാരത്തിലേറുമെന്ന റിപ്പോർട്ടും സൂചികകള്‍ക്ക് തുണയായി. ബാങ്ക്, ഓട്ടോമൊബൈല്‍, എഫ്എംസിജി ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ ദിവസം ആറ് ശതമാനമാണ് പ്രധാന സൂചികകള്‍ക്ക് നഷ്ടമായതെങ്കില്‍ ഇന്നത്തെ വ്യാപാരത്തില്‍ 3.2 ശതമാനം തിരിച്ചുപിടിക്കാനായി.
2,303 പോയന്റ് ഉയര്‍ന്ന് 74,382ലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 689 പോയന്റ് ഉയര്‍ന്ന് 22,573 ലും വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി ഉള്‍പ്പടെയുള്ളവ നാല് ശതമാനത്തോളം നേട്ടമുണ്ടാക്കി.
എഫ്എംസിജി ഓഹരികളായ ഡാബര്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവ നാല് ശതമാനത്തോളം നേട്ടമുണ്ടാക്കി. ഹെരിറ്റേജ് ഫുഡ്‌സ് 20 ശതമാനനവും ഇമാമി 11 ശതമാനവും ഉയര്‍ന്നു. സൈഡസ് വെല്‍നെസ്, ഗോദ്‌റേജ് കണ്‍സ്യൂമര്‍ എന്നിവയും ഉയര്‍ന്നു.
ബാങ്ക് ഓഹരികളില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബന്ധന്‍ ബാങ്ക് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. കഴിഞ്ഞ ദിവസത്തെ തകര്‍ച്ചയില്‍ ശരാശരി എട്ട് ശതമാനത്തോളം നഷ്ടം ബാങ്ക് ഓഹരികള്‍ നേരിട്ടിരുന്നു.
മൂന്നാം മോദി സർക്കാർ അധികാരത്തിലേറുമെന്ന് ഉറപ്പായതിനാൽ വരും ദിവസങ്ങളിൽ വിപണി നേട്ടം കൊയ്യാനാണ് സാധ്യതയെന്ന് വിദഗ്ദർ പറഞ്ഞു.

