കീവ്: യുക്രെയ്നിൽ കനത്ത വ്യോമാക്രമണം നടത്തി റഷ്യ. 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചാണ് പ്രാദേശികസമയം ശനിയാഴ്ച രാത്രിയോടെ റഷ്യ ആക്രമണം നടത്തിയത്. മൂന്നുവര്‍ഷമായി തുടരുന്ന യുദ്ധത്തിനിടെ യുക്രെയ്ൻ നേരിട്ട ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണ് ശനിയാഴ്ച രാത്രിയില്‍ നടന്നത്. അതിർത്തി പങ്കിടുന്ന പ്രദേശത്തിന് പുറമെ കിഴക്കന്‍ യുക്രെയ്നിലും ആക്രമണം നടന്നു. യുക്രെയ്നുമായി അതിര്‍ത്തിപങ്കിടുന്ന പോളണ്ട് തങ്ങളുടെ വ്യോമാതിര്‍ത്തി സംരക്ഷിക്കാന്‍ യുദ്ധവിമാനങ്ങളെ സജ്ജരാക്കി. ആക്രമണങ്ങളിൽ എത്രപേർ കൊല്ലപ്പെട്ടുവെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
റഷ്യ ആയച്ച ഡ്രോണുകളില്‍ 211 എണ്ണം യുക്രൈന്‍ വെടിവെച്ചിട്ടു. റഷ്യ അയച്ച മിസൈലുകളില്‍ 38 എണ്ണവും പ്രതിരോധിച്ചെങ്കിലും ബാക്കിയുള്ളവ ലക്ഷ്യത്തിൽ പതിച്ചു. യുക്രെയ്നുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധനാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ വെള്ളിയാഴ്ച പറഞ്ഞിരുന്നു. പിന്നാലെയാണ് തൊട്ടടുത്ത ദിവസം മാരകമായ ആക്രമണം റഷ്യയുടെ ഭാഗത്തുനിന്നുണ്ടായത്. നിലവില്‍ ഇരുരാജ്യങ്ങളും ഡ്രോൺ ആക്രമണങ്ങളാണ് പരസ്പരം നടത്തുന്നത്

