ദില്ലി : ഭാരതവും ഫിലിപ്പീൻസും തമ്മിലുള്ള യാത്രാ ബന്ധത്തിൽ പുതിയ ചരിത്രം കുറിച്ച് എയർ ഇന്ത്യ. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ ആരംഭിച്ചു. ഇതോടെ, ഫിലിപ്പീൻസിലേക്ക് നേരിട്ടുള്ള വിമാന സർവീസ് നടത്തുന്ന ആദ്യത്തെ ഇന്ത്യൻ വിമാനക്കമ്പനിയായി എയർ ഇന്ത്യ മാറി.
14 ദിവസം വരെ വിസയില്ലാതെ ഇന്ത്യൻ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാനുള്ള ഫിലിപ്പീൻസിൻ്റെ തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് ഈ സർവീസ് ആരംഭിച്ചത് എന്നതും ശ്രദ്ധേയമാണ്. ഈ പുതിയ വ്യോമബന്ധം ഇരു രാജ്യങ്ങൾക്കുമിടയിലെ ടൂറിസത്തിനും ബിസിനസ് യാത്രകൾക്കും കാര്യമായ ഉത്തേജനം നൽകുമെന്നും, അതുവഴി ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
പുതിയ വിമാന സർവീസ് ആഴ്ചയിൽ അഞ്ച് ദിവസമാണ് പ്രവർത്തിക്കുക: തിങ്കൾ, ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ. അത്യാധുനിക എയർബസ് A321LR വിമാനമാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കണോമി, ഇക്കണോമി എന്നിങ്ങനെ മൂന്ന് തരം ക്യാബിനുകൾ ഈ വിമാനത്തിലുണ്ട്. യാത്രാസൗകര്യം വർദ്ധിപ്പിക്കാനായി പ്രത്യേക സൗകര്യങ്ങളോടെയാണ് വിമാനം ഒരുക്കിയിരിക്കുന്നത്.
വിനോദസഞ്ചാര-ബിസിനസ് മേഖലകളിലെ വർധിച്ച യാത്രാ ആവശ്യകത നിറവേറ്റുന്നതിന് അനുയോജ്യമായ സമയത്താണ് ഈ നേരിട്ടുള്ള റൂട്ട് ആരംഭിച്ചിരിക്കുന്നത്. ഫിലിപ്പീൻസിലെ യാത്രക്കാർക്ക് ദില്ലി വഴി യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും സൗകര്യപ്രദമായ ഒറ്റ-ഇടത്താവള കണക്ഷനുകളും ഈ പുതിയ സർവീസ് ലഭ്യമാക്കുന്നു. ഈ പുതിയ കൂട്ടിച്ചേർക്കലോടെ, എയർ ഇന്ത്യ ഇപ്പോൾ തെക്കുകിഴക്കൻ ഏഷ്യയിലെ ഏഴ് രാജ്യങ്ങളിലായി എട്ട് സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.
ഫിലിപ്പീൻസിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസ് യാഥാർത്ഥ്യമായതോടെ, ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കുന്ന അവിടുത്തെ പ്രധാന സ്ഥലങ്ങൾ ഇവയാണ്:
- ഇൻട്രാമുറോസിലെ ചരിത്രാന്വേഷണം: മനിലയിലെ ചരിത്രപ്രധാനമായ മതിൽക്കെട്ടിയ നഗരമാണ് ഇൻട്രാമുറോസ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സ്പാനിഷ് ഭരണത്തിൻ്റെ ചരിത്രം ഇവിടെ ആവാഹിച്ചിരിക്കുന്നു. ഫോർട്ട് സാന്റിയാഗോ, സാൻ അഗസ്റ്റിൻ ചർച്ച്, കാല്ലെ ക്രിസോളോഗോ എന്നിവ ഇവിടെ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങളാണ്.
- പലാവനിലെ ദ്വീപസഞ്ചാരം : ദ്വീപസഞ്ചാരത്തിന് പേരുകേട്ട പലാവൻ പ്രവിശ്യയിൽ അതിമനോഹരമായ ലഗൂണുകൾ, വെള്ളമണൽ ബീച്ചുകൾ, വൈവിധ്യമാർന്ന സമുദ്രജീവികൾ എന്നിവയെ കാണാൻ സാധിക്കും. കൂടാതെ, ലോകപ്രശസ്തമായ പ്യൂർട്ടോ പ്രിൻസെസ അണ്ടർഗ്രൗണ്ട് റിവർ എന്ന ഗുഹാസംവിധാനവും ഇവിടെ സ്ഥിതിചെയ്യുന്നു.
- സമുദ്ര സംരക്ഷണ കേന്ദ്രങ്ങളിലെ ഡൈവിംഗും സ്നോർക്കലിംഗും: തെളിഞ്ഞ വെള്ളവും വർണ്ണാഭമായ പവിഴപ്പുറ്റുകളും കൊണ്ട് ഫിലിപ്പീൻസ് കടലിനടിയിലെ കാഴ്ചകൾക്ക് അനുയോജ്യമാണ്. അപൂ റീഫ് നാച്ചുറൽ പാർക്കിൽ സ്കൂബ ഡൈവിംഗോ ഫ്രീഡൈവിംഗോ നടത്തുകയോ മൊആൽബോലിൽ വലിയ മത്സ്യക്കൂട്ടങ്ങൾക്കൊപ്പം നീന്തുകയോ ചെയ്യാം.
- ബനൗ റൈസ് ടെറസസ് : “ലോകത്തിലെ എട്ടാമത്തെ അത്ഭുതം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ 2,000 വർഷം പഴക്കമുള്ള നെൽവയലുകൾ, പ്രാദേശിക ഇഫുഗാവോ (Ifugao) ഗോത്രക്കാരുടെ പൂർവ്വികർ കൈകൊണ്ട് മലഞ്ചെരുവുകളിൽ കൊത്തിയെടുത്തതാണ്. ആംഫിതിയേറ്ററിൻ്റെ ആകൃതിയിലുള്ള ഈ യുനെസ്കോ ലോക പൈതൃക കേന്ദ്രം കണ്ണിന് കുളിർമയേകുന്ന കാഴ്ചകളാണ് നൽകുന്നത്.
- ബോറാക്കേയിലെ വൈറ്റ് ബീച്ചിൽ വിശ്രമം: പൗഡർ പോലെ മൃദലമായ വെള്ള മണലിനും ക്രിസ്റ്റൽ ക്ലിയർ ടർക്കോയിസ് നിറത്തിലുള്ള വെള്ളത്തിനും ലോകമെമ്പാടും പ്രശസ്തമാണ് ബോറാക്കേയിലെ വൈറ്റ് ബീച്ച് . തീരത്ത് നടക്കാനും തെളിഞ്ഞ വെള്ളത്തിൽ നീന്താനും അല്ലെങ്കിൽ ഒരു തെങ്ങിൻ്റെ തണലിൽ വിശ്രമിക്കാനും ഇവിടെ സൗകര്യമുണ്ട്.

