ഇംഫാൽ: ഒരിടവേളയ്ക്ക് ശേഷം സംഘർഷം രൂക്ഷമായ മണിപ്പൂരിലേക്ക് കൂടുതൽ കേന്ദ്രസേനയെ സംസ്ഥാനത്തേക്ക് അയച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അർധസൈനിക വിഭാഗങ്ങളിൽ നിന്നുള്ള 50 കമ്പനി (5000 സൈനികർ) യൂണിറ്റിനെയാണ് കേന്ദ്രം മണിപ്പുരിലേക്ക് അയച്ചത്. സിആര്‍പിഎഫില്‍ നിന്ന് 35 യൂണിറ്റും ബിഎസ്എഫില്‍ നിന്ന് 15 യൂണിറ്റുമാണ് മണിപ്പുരിലേക്കെത്തുന്നത്.
ഒരാഴ്ച്ചയ്ക്കിടെ രണ്ടാംതവണയാണ് കേന്ദ്രം മണിപ്പുരിലേക്ക് സേനയെ വിന്യസിക്കുന്നത്. നവംബർ 12-ന് അർധസൈനിക വിഭാഗങ്ങളിൽ നിന്ന് 2500 പേരെ സംസ്ഥാനത്തേക്ക് അയച്ചിരുന്നു. കഴിഞ്ഞ ആഴ്ചത്തെ കണക്കനുസരിച്ച് വിവിധ സേനാ വിഭാഗങ്ങളിലായി 218 കമ്പനികൾ മണിപ്പുരിലുണ്ട്. ഇത് കൂടാതെ സൈന്യവും അസം റൈഫിൾസും സംസ്ഥാനത്തുണ്ട്.
ദുരിതാശ്വാസക്യാമ്പിൽനിന്ന് ആക്രമികൾ തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് മണിപ്പുരിൽ വീണ്ടും സംഘർഷം രൂക്ഷമായത്.മണിപ്പുർ-അസം അതിർത്തിപ്രദേശമായ ജരിബാം ജില്ലയിലെ ജിമുഖ് ഗ്രാമത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുക്കി സായുധസംഘങ്ങളാണ് ഇവരെ തട്ടികൊണ്ടുപോയെതെന്നാണ് മെയ്ത്തിവിഭാഗത്തിന്റെ ആരോപണം

