Monday, December 15, 2025

സർക്കാർ അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ അൻപതോളം ഓൺലൈൻ ചാനലുകൾ; തേനീച്ചക്കൂട്ടമായി പാർട്ടി നിയന്ത്രണത്തിൽ സ്വതന്ത്ര പ്രൊഫൈലുകളടങ്ങുന്ന പതിനായിരപ്പട; സി പി എമ്മിനുവേണ്ടി സമൂഹമാദ്ധ്യമ പ്രചാരണങ്ങൾക്ക് വമ്പൻ പദ്ധതിയൊരുക്കി എം വി നികേഷ്‌കുമാർ ?

തിരുവനന്തപുരം: സമൂഹമദ്ധ്യമങ്ങളിൽ ഊർജ്ജിതമായ പ്രചാരണം നടത്താൻ പ്രത്യേക പദ്ധതിയൊരുക്കി സിപിഎം. ഔദ്യോഗിക സോഷ്യൽ മീഡിയസെൽ നിലവിലിരിക്കെ നവമാധ്യമ ഇടപെടലിന് സ്വതന്ത്ര പ്രൊഫൈലുകളെ കൂടെ നിർത്താൻ കർമ്മപദ്ധതിയൊരുക്കി. 50 ഓളം ഓൺലൈൻ മാദ്ധ്യമങ്ങളുടെ ശൃംഖല തീര്‍ത്ത് സര്‍ക്കാര്‍ അനുകൂല പ്രചാരണം ശക്തമാക്കാനും സ്വതന്ത്ര പ്രൊഫൈലുകൾ എന്ന് തോന്നിക്കുന്ന പാർട്ടി അനുകൂല പ്രൊഫൈലുകളിലൂടെ സമൂഹ മാദ്ധ്യമ ഇടപെടലുകൾ വർദ്ധിപ്പിക്കാനുമാണ് പദ്ധതി. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഉയർന്നുവരാൻ സാധ്യതയുള്ള സർക്കാർ വിരുദ്ധ വികാരത്തെ നേരിടുകയാണ് ലക്ഷ്യം.

റിപ്പോർട്ടർ ചാനലിൽ നിന്ന് പടിയിറങ്ങി മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി മാറിയ മാദ്ധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാറാണ് പാർട്ടിക്ക് വേണ്ടി ഈ പദ്ധതിയൊരുക്കിയത്. എന്നാൽ ഈ പദ്ധതിക്ക് പാർട്ടി അനുമതി നൽകാൻ വൈകുകയാണ്. പാർട്ടിക്കുള്ളിൽ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസമുണ്ട് എന്നതാണ് ഇത് നൽകുന്ന സൂചന. ചിതറിക്കിടക്കുന്ന ഇടത് അനുഭാവ പ്രഫൈലുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് പ്രത്യേക സംവിധാനത്തിന് പദ്ധതിയിട്ടത്. പതിനായിരം സ്വതന്ത്ര പ്രൊഫൈലുകളെ കണ്ടെത്താനും അവരെ പാർട്ടിയുടെ ആശയ പ്രചാരണത്തിന് ഉപയോഗിക്കാനുമാണ് പദ്ധതി.

സംസ്ഥാന സമിതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാകും സ്വതന്ത്ര പ്രൊഫൈലുകളുടെ പ്രചാരണം. സിപിഎമ്മിന് പാർട്ടി പത്രവും ചാനലുമുണ്ട്. എന്നാൽ അഭിപ്രായ രൂപീകരണത്തിലും ആശയ പ്രചാരണത്തിലും സോഷ്യൽമീഡിയ സാധ്യതകളുപയോഗിച്ചേ മുന്നോട്ട് പോകാനാകു എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. നിലവിൽ ഈ രംഗത്ത് സംഘപരിവാർ അനുകൂല പ്രൊഫൈലുകൾക്ക് മുൻതൂക്കമുണ്ടെന്നും പാർട്ടി വിലയിരുത്തുന്നു. വിവിധ വിഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് ഇഎഎസ് അക്കാദമിയിൽ ഇതിനായി അവബോധം നൽകുന്നുണ്ട്. ഓരോ ബാച്ചിനും രണ്ട് ദിവസമാണ് പരീശീലനം. പാര്‍ട്ടി നേതാക്കളും ബുദ്ധിജീവികളുമാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

പ്രത്യക്ഷത്തിൽ പാർട്ടിക്ക് വേണ്ടിയെന്ന് തോന്നാത്ത വിധം എന്നാൽ ഇടത് ആശയങ്ങളിൽ ഊന്നിനിന്നും പ്രവർത്തിക്കുന്നവരെയാണ് ലക്ഷ്യമിടുന്നത്. സർക്കാർ പ്രവർത്തനങ്ങളെ ജനങ്ങളിലേക്കെത്തിക്കാനും ഇത്തരം ആളുകളെ സിപിഎം പ്രയോജനപ്പെടുത്തും. പഠന ക്ലാസിൽ പങ്കെടുത്ത പകുതിയിധികം പേരും വനിതകളാണ്. പറയുന്ന കാര്യങ്ങളിൽ വിശ്വാസ്യതയും അത് വഴി പൊതു സമൂഹത്തിൽ റീച്ചും ലക്ഷമിട്ടാണ് പാർട്ടി നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് ‘പതിനായിരപ്പട’ പ്രവർത്തന സജ്ജരാകും വിധമാണ് സിപിഎം സജ്ജീകരണം.

Related Articles

Latest Articles