ജയ്പുർ : ഇന്ന് നടന്ന ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുരിനെതിരെ രാജസ്ഥാൻ റോയൽസ് വൻ തോൽവി വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ഉയർത്തിയ 172 റൺസിന്റെ സാമാന്യം ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 59 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഐപിഎൽ ചരിത്രത്തിലെത്തന്നെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോറാണ് രാജസ്ഥാൻ ഇന്ന് നേടിയത്. 2017ൽ കൊൽക്കത്തയ്ക്കെതിരെ ബാംഗ്ലൂർ 47 റൺസിലും 2009ൽ ബാംഗ്ലൂരിനെതിരെ തന്നെ രാജസ്ഥാൻ 58 റൺസിനും പുറത്തായിരുന്നു. തോൽവിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകൾ വെള്ളത്തിലായി.
വിജയത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന്റെ ഹെറ്റ്‌മെയർ (19 പന്തിൽ 35), ജോ റൂട്ട് (15 പന്തിൽ 10) എന്നീ രണ്ടു ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. രാജസ്ഥാൻ ബാറ്റർമാരിൽ നാല് പേർ പൂജ്യത്തിന് പുറത്തായി. ആദ്യ ഓവറിന്റെ രണ്ടാം പന്തിൽ തന്നെ കഴിഞ്ഞ കളിയിലെ വെടിക്കെട്ട് വീരൻ ഓപ്പണർ യശ്വസി ജയ്‌സ്വാളിനെ (പൂജ്യം) മുഹമ്മദ് സിറാജ്, വിരാട് കോഹ്ലിയുടെ കൈകളിൽ എത്തിച്ചു. തൊട്ടടുത്ത ഓവറിൽ മറ്റൊരു ഓപ്പണർ ജോസ് ബട്‌ലർ (പൂജ്യം), പിന്നീടിറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസൺ (5 പന്തിൽ 4) എന്നിവരെ വെയ്‌ൻ പാർണലും പുറത്താക്കിയതോടെ രാജസ്ഥാൻ 7ന് 3 എന്ന നിലയിലേക്ക് കൂപ്പ് കുത്തി.
ദേവ്‌ദത്ത് പടിക്കൽ (4 പന്തിൽ 4), ധ്രുവ് ജുറെൽ (7 പന്തിൽ 1), രവിചന്ദ്രൻ അശ്വിൻ (പൂജ്യം), ആദം സാംപ (6 പന്തിൽ 2), കെ.എം.ആസിഫ് (പൂജ്യം), സന്ദീപ് ശർമ (0*) എന്നിവർക്കും സാഹചര്യത്തിനനുസരിച്ച് ബാറ്റ് വീശാനായില്ല. ബാംഗ്ലൂരിനായി വെയ്‌ൻ പാർണൽ മൂന്നു വിക്കറ്റും മൈക്കൽ ബ്രേസ്‌വെൽ, കരൺ ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതവും മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

