Friday, December 12, 2025

സംസ്കാര ചടങ്ങുകൾക്ക് തൊട്ടുമുമ്പ് ശവപ്പെട്ടിയിൽ നിന്ന് മുട്ട്; മരിച്ചെന്ന് കരുതിയ 65-കാരിക്ക് അത്ഭുത പുനർജ്ജന്മം

നോന്താബുരി (തായ്‌ലൻഡ്): മരണാനന്തര ചടങ്ങുകൾക്കിടെ ശവപ്പെട്ടിക്കുള്ളിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തി 65-കാരി.തായ്‌ലൻഡിൻ്റെ തലസ്ഥാനമായ ബാങ്കോക്കിന് സമീപമുള്ള നോന്താബുരിയിലെ വാട്ട് റാറ്റ് പ്രാഖോങ് താം എന്ന ബുദ്ധക്ഷേത്രത്തിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. സംസ്കാര ചടങ്ങുകൾക്കായി ജീവനക്കാർ തയ്യാറെടുക്കുന്നതിനിടയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.

വാട്ട് റാറ്റ് പ്രാഖോങ് താം ക്ഷേത്രത്തിലെ പൊതു-ധനകാര്യ വിഭാഗം മാനേജരായ പൈറത്ത് സൂഡ്തൂപിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പ്രകാരം, പതിവ് സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കത്തിലായിരുന്നു ക്ഷേത്ര ജീവനക്കാർ. മരിച്ചുവെന്ന് കരുതിയ സ്ത്രീ അപ്പോഴും വിളറിയ നിലയിൽ വെളുത്ത ശവപ്പെട്ടിയിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നു. ബന്ധുക്കൾ അന്ത്യയാത്രയയപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ശവപ്പെട്ടിക്ക് ഉള്ളിൽ നിന്ന് നേരിയ മുട്ട് കേട്ടത്. ഇതോടെയാണ് ജീവനക്കാർ പെട്ടി തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചത്.

മരിച്ചെന്ന് കരുതിയ സ്ത്രീയുടെ സഹോദരനാണ് ഇവരെ സംസ്കാരത്തിനായി ഫിറ്റ്സാനുലോക് പ്രവിശ്യയിൽ നിന്ന് 500 കിലോമീറ്ററിലധികം ദൂരം വണ്ടി ഓടിച്ച് ക്ഷേത്രത്തിൽ എത്തിച്ചത്. രണ്ട് വർഷമായി ഇവർ കിടപ്പിലായിരുന്നു 65 കാരി. അടുത്തിടെയായി ഇവരുടെ നില വഷളാവുകയും പ്രതികരിക്കുന്നത് പൂർണ്ണമായും നിർത്തുകയും ചെയ്തിരുന്നു. തുടർന്ന്, രണ്ട് ദിവസത്തോളം ശ്വാസമെടുക്കുന്നത് നിലച്ചു എന്ന് തോന്നിയതോടെ കുടുംബം ഇവർ മരിച്ചെന്ന് ഉറപ്പിക്കുകയായിരുന്നു.

അവയവങ്ങൾ ദാനം ചെയ്യണമെന്ന് ഒരിക്കൽ ആഗ്രഹം പ്രകടിപ്പിച്ചതിനാൽ മൃതദേഹം ബാങ്കോക്കിലെ ആശുപത്രിയിൽ എത്തിക്കാനാണ് അദ്ദേഹം ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, മരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ആശുപത്രി മൃതദേഹം സ്വീകരിക്കാൻ വിസമ്മതിച്ചു. തുടർന്നാണ്, പണം നൽകാൻ കഴിയാത്തവർക്ക് സൗജന്യമായി സംസ്കാരം നൽകുന്ന ഈ ക്ഷേത്രത്തെ സഹോദരൻ സമീപിച്ചത്. എന്നാൽ, ഇവിടെയും ശരിയായ രേഖകൾ വേണമെന്ന് ക്ഷേത്രം ജീവനക്കാർ ആവശ്യപ്പെട്ടു. ഔദ്യോഗികമായി മരണം സ്ഥിരീകരിക്കുന്നതിൻ്റെ നടപടിക്രമങ്ങളെക്കുറിച്ച് പൈറത്ത് വിശദീകരിക്കുന്നതിനിടെയാണ് ശവപ്പെട്ടിക്ക് ഉള്ളിൽ നിന്ന് വിധി മാറ്റിയെഴുതിയ ആ മുട്ട് ശബ്ദം കേട്ടത്.

ഉടൻ തന്നെ ക്ഷേത്ര ജീവനക്കാർ ഈ സ്ത്രീയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സാ ചെലവുകൾ ക്ഷേത്രം വഹിക്കുമെന്ന് മഠാധിപതി പിന്നീട് അറിയിച്ചു.

Related Articles

Latest Articles