Tuesday, December 16, 2025

ക്ലാസ് മുറിയിലിരിക്കുന്ന കുട്ടിക്ക് പോലും രക്ഷയില്ല !തെരുവ് നായ ആക്രമണത്തിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് പരിക്ക്

പാലക്കാട്: പൊതുജനങ്ങളിൽ ഭീതിയുണർത്തിക്കൊണ്ട് ക്ലാസ് മുറിയിൽ തെരുവ് നായ ആക്രമണം. മണ്ണാര്‍ക്കാട് കോട്ടോപാടത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് ക്ലാസ് മുറിയിലിരിക്കെ നായയുടെ കടിയേറ്റു. കോട്ടോപാടം സ്വദേശിനിയായ മെഹ്‌റയ്ക്കാണ് ഇടുപ്പിൽ കടിയേറ്റത്.

കല്ലടി അബ്ദുഹാജി ഹൈസ്‌കൂളില്‍ ഇന്ന് രാവിലെ പത്തരയോടെ ആദ്യ പിരീഡ് നടക്കുന്നതിനിടെയായിരുന്നു സംഭവം. പേപ്പട്ടിയാണ് കടിച്ചതെന്നാണ് വിവരം. ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായ മുന്‍സീറ്റിലിരുന്ന കുട്ടിയെ ആക്രമിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി നിലവിൽ നിരീക്ഷണത്തില്‍ തുടരുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചയോളമായി സ്‌കൂള്‍ പരിസരത്ത് നായയുടെ ശല്യമുണ്ടെന്ന പരാതി ഉയർന്നിരുന്നു. പ്രദേശത്ത് പേ വിഷബാധയേറ്റ നായ ഓടി നടക്കുന്നതായി വാര്‍ത്ത പ്രചരിച്ചതോടെ നടന്ന് സ്‌കൂളില്‍ പോകുന്ന മെഹ്‌റയെ കാറിലാണ് ഇന്ന് പിതാവ് സ്‌കൂളില്‍ കൊണ്ടുവിട്ടത്. കുട്ടിയെ കൂടാതെ പ്രദേശവാസികളായ നാലുപേരെകൂടി നായ കടിച്ചിട്ടുണ്ടെന്നാണ് വിവരം.

Related Articles

Latest Articles