പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഭാരതം നടത്തിയ മിസൈലാക്രമണത്തിൽ തരിച്ചിരിക്കുകയാണ് ഇന്ന് പുലര്‍ച്ചെയായിരുന്നു വ്യോമ, കര, നാവിക സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍. പാക് അധിനിവേശ കശ്മീരിലെയും പാകിസ്ഥാനിലെയും ഭീകര കേന്ദ്രങ്ങൾ ഒരു നിമിഷം കൊണ്ട് ചാരമായി.
പാക് അധീന കശ്മീരിൽ സൈന്യം തകർത്ത ഭീകര കേന്ദ്രങ്ങള്‍ ഇവയാണ്:
സവായ് നാല ക്യാമ്പ്, മുസാഫറാബാദ്: പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖയില്‍നിന്ന് 30 കി.മീ അകലെയുള്ള തീവ്രവാദ ക്യാമ്പ്. ഇത് ലഷ്‌കറെ തൊയ്ബയുടെ പരിശീലന കേന്ദ്രമാണ്. 2024 ഒക്ടോബര്‍ 20-ന് സോന്‍മാര്‍ഗിലും 2024 ഒക്ടോബര്‍ 24-ന് ഗുല്‍മാര്‍ഗിലും 2025 ഏപ്രില്‍ 22-ന് പഹല്‍ഗാമിലും നടന്ന തീവ്രവാദി ആക്രമണങ്ങളില്‍ പങ്കെടുത്ത ഭീകരര്‍ ഇവിടെനിന്നാണ് പരിശീലനം നേടിയത്.
സയ്‌ദെന്‍ ബിലാല്‍ ക്യാമ്പ്, മുസാഫറാബാദ്: ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രം.
ഗുല്‍പുര്‍ ക്യാമ്പ്, കോട്‌ലി: നിയന്ത്രണരേഖയില്‍നിന്ന് 30 കി.മീ അകലെയുള്ള പ്രദേശം. ലഷ്‌കറെ തൊയ്ബയുടെ ബേസ് ക്യാമ്പ്. 2023 ഏപ്രില്‍ 20-നും 2024 ജൂണ്‍ ഒമ്പതിനും പുഞ്ചില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പങ്കെടുത്ത ഭീകരര്‍ ഇവിടെയാണ് പരിശീലനത്തില്‍ ഏര്‍പ്പെട്ടത്.
ബര്‍ണാല ക്യാമ്പ്, ബിമ്പെര്‍: നിയന്ത്രണ രേഖയില്‍നിന്ന് ഒമ്പത് കി.മീ മാത്രം ദൂരത്തിലുള്ള തീവ്രവാദ ക്യാമ്പും പരിശീലന കേന്ദ്രവും.
അബ്ബാസ് ക്യാമ്പ്, കോട്‌ലി: നിയന്ത്രണ രേഖയില്‍നിന്ന് 13 കി.മീ അകലെയുള്ള ലഷ്‌കറെ തൊയ്ബയുടെ പരിശീലന കേന്ദ്രം.
പാകിസ്ഥാനിൽ തകർത്ത ഭീകരകേന്ദ്രങ്ങള്‍ ഇവയാണ്:
സര്‍ജല്‍ ക്യാമ്പ്, സിയാല്‍കോട്ട്: അതിര്‍ത്തിയില്‍നിന്ന് ആറു കി.മീ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന സ്ഥലം. മാര്‍ച്ച് 2025-ല്‍ ജമ്മു കശ്മീര്‍ പോലീസിലെ നാല് പേരെ കൊലപ്പെടുത്തിയ ഭീകരര്‍ ഇവിടെനിന്നാണ് പരിശീലനം നേടിയത്.
മെഹ്‌മൂന ജോയ, സിയാല്‍കോട്ട്: രാജ്യാന്തര അതിര്‍ത്തിയില്‍നിന്ന് ഏകദേശം 18-21 കി.മീ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പ്രധാന ക്യാമ്പ്. 2016-ല്‍ പത്താന്‍കോട്ട് വ്യോമ താവളത്തിലുണ്ടായ ഭീകരാക്രമണത്തിന് ഭീകരര്‍ പദ്ധതി തയ്യാറാക്കിയത് ഇവിടെവെച്ചായിരുന്നു.
മര്‍ക്കസ് തൊയ്ബ, മുറിഡ്‌കെ: രാജ്യാന്തര അതിര്‍ത്തിയില്‍നിന്ന് 18 – 26 കി.മീ ദൂരത്തില്‍ സ്ഥിചെയ്യുന്ന സ്ഥലം. 2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ പരിശീലനം നേടിയത് ഇവിടെനിന്ന്. അജ്മല്‍ കസബ്, ഡേവിഡ് ഹെഡ്‌ലി എന്നിവരെല്ലാം പരിശീലനം നേടിയത് ഇവിടെനിന്നാണെന്നാണ് വിവരം.
മര്‍ക്കസ് സുബഹാനള്ളാ, ഭവല്‍പുര്‍: രാജ്യാന്തര അതിര്‍ത്തിയില്‍നിന്ന് 100 കി.മീ ദൂരത്തിലുള്ള സ്ഥലം. ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന താവളം. റിക്രൂട്ട്‌മെന്റ്, പരിശീലനം തുടങ്ങിയവയെല്ലാം നടക്കുന്നത് ഇവിടെയാണ്.

