ദില്ലി : ഇന്ത്യൻ വ്യോമസേനയുടെ 93-ാം വാർഷികാഘോഷം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ ആഘോഷത്തിനിടെ വിളമ്പിയ അത്താഴ മെനു വൈറലായിരിക്കുകയാണ്. അതിലെ വിഭവങ്ങളായിരുന്നില്ല ശ്രദ്ധ പിടിച്ചത്. മറിച്ച് അതിന് നല്‍കിയ പേരുകളായിരുന്നു.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനാ ലക്ഷ്യമിട്ട പാകിസ്ഥാൻ നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകൾ നൽകിയ വിഭവങ്ങൾ ഉൾപ്പെടുത്തിയ അത്താഴ മെനുവിൻ്റെ ചിത്രമാണ് സാമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇത് ദേശീയ തലത്തിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നു.
രുചികരമായ വിഭവങ്ങൾക്കൊപ്പം കൃത്യമായ രാഷ്ട്രീയ നിരീക്ഷണങ്ങൾ കൂടി ചേർത്ത മെനുവാണ് അതിഥികൾക്കായി ഒരുക്കിയത്. മുഖ്യ വിഭവങ്ങളിൽ ‘റാവൽപിണ്ടി ചിക്കൻ ടിക്ക മസാല’, ‘റഫീഖി റാര മട്ടൺ’, ‘ഭോലാരി പനീർ മേത്തി മലായി’, ‘സുക്കൂർ ഷാം സവേര കോഫ്ത’, ‘സർഗോദ ദാൽ മഖനി’, ‘ജേക്കബാബാദ് മേവ പുലാവ്’, ‘ബഹാവൽപൂർ നാൻ’ എന്നിവ ഉൾപ്പെടുന്നു. മധുരപലഹാരങ്ങളുടെ കാര്യത്തിലും ഈ ‘തന്ത്രപരമായ നർമ്മം’ തുടർന്നു. അതിഥികൾക്കായി ‘ബാലാകോട്ട് ടിറാമിസു’, ‘മുസഫറാബാദ് കുൽഫി ഫലൂദ’, ‘മുരീദ്കെ മീഠാ പാൻ’ എന്നിവയാണ് ഒരുക്കിയത്.
അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്ക് തിരിച്ചടി നൽകുന്നതിനായി 2019-ൽ നടത്തിയ ഓപ്പറേഷൻ ബന്ദർ, ഈ വർഷം ആദ്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്നിവയുടെ ഭാഗമായി ഇന്ത്യ വ്യോമാക്രമണം നടത്തിയ നഗരങ്ങളിൽ ഉൾപ്പെട്ടവയാണ് മെനുവിലെ പേരുകളെല്ലാം.
യുദ്ധതന്ത്രപരമായ ഒരു ഓർമ്മപ്പെടുത്തലും, അതോടൊപ്പം ആഘോഷങ്ങളുടെ ഭാഗമായുള്ള ഫലിതവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ മെനു, സൈനികരുടെ മനോവീര്യം വർദ്ധിപ്പിക്കാനുള്ള ഒരു മാർഗ്ഗമായും, രാജ്യസുരക്ഷയെക്കുറിച്ചുള്ള ശക്തമായ സന്ദേശമായും സോഷ്യൽ മീഡിയയിൽ പലരും വിലയിരുത്തുന്നു.
ഇന്ത്യൻ വ്യോമസേനയുടെ പാരമ്പര്യവും ഓപ്പറേഷനുകളുടെ വീര്യവും വിളിച്ചോതുന്ന ഈ മെനു രൂപകൽപ്പന, രാജ്യത്തെ പൗരന്മാർക്കിടയിൽ ദേശസ്നേഹം ഉണർത്തുന്നതിനും ഭീകരതയ്ക്കെതിരായ നിലപാട് ഉറപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് പൊതുവെയുള്ള പ്രതികരണം.

